
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട്
ഏപ്രില്‍ 28ന് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ ആചരിക്കും. നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. നിതിന്‍ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും അതില്‍ കടുത്ത ദുരൂഹതയുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു.
നിതിന്‍ രാജിനെ ജാതീയമായി അധിക്ഷേപിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ഡോ. റാം, ഡോ. സംഗീത എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്യുക,
ഒളിവിലുള്ള പ്രതികളെ പിടികൂടുന്നതില്‍ പോലീസ് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക, മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് അര്‍ഹമായ ധനസഹായം നല്‍കുക, വിദ്യാര്‍ഥി പീഡനം പതിവായ അഞ്ചരക്കണ്ടി ദന്തല്‍ കോളജിന്റെ അംഗീകാരം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്നത്.
തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശിയായ നിതിന്‍ രാജ് ഏപ്രില്‍ പത്തിനാണ് കോളജ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ
ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനവും ജാതീയ അധിക്ഷേപവുമാണ് മരണകാരണമെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. അധ്യാപകര്‍ക്കെതിരെ എസ്സി/എസ്ടി പീഡന നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഇവര്‍ ഇതുവരെ പിടിയിലായിട്ടില്ല.
ലോണ്‍ ആപ്പ് തട്ടിപ്പാണ് മരണകാരണമെന്ന കോളജ് മാനേജ്മെന്റിന്റെ വാദം പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി ആക്ഷന്‍ കൗണ്‍സില്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
















