നാദാപുരം: മൊബൈല്‍ ഷോപ്പ് കവര്‍ച്ച നടത്തിയ കേസിലെ പ്രതികളെ പിടികൂടാത്തതില്‍ വ്യാപാരികളില്‍ അമര്‍ഷം. കേസ് തെളിയിക്കാത്തതില്‍ പ്രതിഷേധിച്ച് നാദാപുരം മര്‍ച്ചന്റ്സ്
അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്കി. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ യോഗം സമര പരിപാടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.
ആക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണായി നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.സഫീറയെയും കണ്‍വീനറായി മര്‍ച്ചന്റ്സ് അസോസിയേഷന് യൂണിറ്റ് പ്രസിഡന്റ് ഏരത്ത് ഇഖ്ബാലിനെയും തെരഞ്ഞെടുത്തു. ജമാല്‍ ഹാജി, എന്‍.കെ.മോഹനന് പാറക്കടവ്, സി.എച്ച്.മോഹനന്, കെ.എം.രഘുനാഥ്, കെ.ടി.കെ.ചന്ദ്രന്, സുഗതന് എന്നിവരാണ് മറ്റ് ഭാരവാഹികള്‍. യോഗത്തില്‍ കണേക്കല്‍ അബ്ബാസ് സ്വഗതവും കെ.സെയിദ് നന്ദിയും പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 29നു പുലര്‍ച്ചെയാണ് വടകര റോഡിലെ ആപ്പിള്‍ പ്രോ മൊബൈല്‍ ഷോപ്പില്‍ വന്‍ കവര്‍ച്ച നടന്നത്. വില്യാപ്പള്ളി സ്വദേശിയുടെ കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് 80 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു. കവര്‍ച്ചാ കേസ് തെളിയിക്കുന്നതുവരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് യോഗ തീരുമാനം.















