
കൊച്ചി: മയക്കുമരുന്ന് കേസിൽ പൊലിസ് പിടികൂടി സീൽ ചെയ്ത് സ്റ്റേഷനിൽ സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ച തൂഫാൻ വാരിയറായ എസ്ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൽ
പൊലിസ് സ്റ്റേഷനിലെ എസ്ഐ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനസ് എസ് . തൗഫീഖിനെയാണ് എറണാകുളം സെൻട്രൽ പൊലിസ് ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ സെൻട്രൽ പൊലിസ് കേസെടുത്തതിന് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. വകുപ്പുതല അന്വേഷണവും ആരംഭിച്ചു.
കേസ് നടപടികൾക്കുശേഷം നശിപ്പിക്കാൻ സൂക്ഷിച്ച എംഡിഎംഎയാണ് എസ്ഐ മോഷ്ടിച്ചത്. എളമക്കര പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ പിടിച്ചെടുത്ത
താണിത്. എറണാകുളം സെൻട്രൽ പൊലിസ് സ്റ്റേഷനിലെ അലമാരയിൽ സീൽ ചെയ്ത കവറിലാണ് 87.370 ഗ്രാം എംഡിഎംഎ സൂക്ഷിച്ചിരുന്നത്. 18ന് ഈ കവർ അനസ് മോഷ്ടിക്കുകയും 26ന് സീൽ ചെയ്യാത്ത മറ്റൊരു കവർ തിരികെ കൊണ്ടുവയ്ക്കുകയും ചെയ്തു. ഇതിന് 202 ഗ്രാം തൂക്കമുണ്ടായിരുന്നു.
അളവ് വ്യത്യാസം ശ്രദ്ധയിൽപ്പെട്ട എസ്എച്ച്ഒ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അനസിൽ നിന്ന് വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെന്നും കളവായ വാദങ്ങൾ നിരത്തിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇയാളെ സസ്പെൻഡ് ചെയ്തത്. സർക്കാർ ജീവനക്കാരൻ മോഷണം നടത്തി, തെളിവ് നശിപ്പിച്ചു, ലഹരി കൈവശം വച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയാണ് കേസ് എടുത്തത്.എന്താവശ്യത്തിനാണ് എംഡിഎംഎ മോഷ്ടിച്ചതെന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഓൺലൈൻ ട്രേഡിംഗിൽ ഏർപ്പെട്ടിരുന്ന അനസിന് വലിയ സാമ്പത്തിക ബാധ്യതയുള്ളതാ
യി സംശയിക്കുന്നു. അത് തീർക്കാൻ പണം കണ്ടെത്താനുള്ള ശ്രമമായിരിക്കാം എന്നാണ് പൊലിസ് നിഗമനം. മറ്റാരെയെങ്കിലും കേസിൽ കുടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നോ എന്നും സംശയിക്കുന്നുണ്ട്. സ്റ്റേഷനിലെ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നു.
അറസ്റ്റിലായ എസ് ഐ അനസ് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലിസ് സ്റ്റേഷനിൽ എസ്ഐയായിരിക്കെ ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു. ലോകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാത്തിൽ നടന്ന ബോധവത്കരണ പരിപാടിയിലും മുഖ്യാതിഥിയായിരുന്നു. നിരവധി സ്കൂളുകളിൽ അനസ് ലഹരി വിരുദ്ധ ക്ലാസുകളും എടുത്തിട്ടുണ്ട്.
















