തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം ഒക്ടോബര്‍ 20 മുതല്‍ 27 വരെ സംസ്ഥാന വ്യാപകമായി
നടത്തിയ പ്രത്യേക പരിശോധനയില്‍ 6,939 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,034 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിന് ശുപാര്‍ശ ചെയ്തു. ആകെ 1,50,621 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയില്‍ എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് (678). കൊല്ലം സിറ്റിയില്‍ 619, തിരുവനന്തപുരം റൂറലില്‍ 585, പാലക്കാട് 584, കോട്ടയത്ത് 528 എന്നിങ്ങനെയാണ് മറ്റ് പ്രധാന കണക്കുകള്‍. ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിന് ഏറ്റവും കൂടുതല്‍ ശുപാര്‍ശകള്‍ നല്‍കിയത് കോട്ടയം ജില്ലയിലാണ് (507). കൊല്ലം സിറ്റിയില്‍ 390, ആലപ്പുഴയില്‍ 244, തൃശൂര്‍ സിറ്റിയില്‍ 148, കോഴിക്കോട് റൂറലില്‍ 142 എന്നിങ്ങനെയാണ്
ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്ത മറ്റ് കണക്കുകള്‍. മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുക, ഉത്തരവാദിത്തത്തോടെയുള്ള വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ഒരാഴ്ച നീണ്ടുനിന്ന പ്രത്യേക പരിശോധനയും ബോധവത്കരണ പ്രവര്‍ത്തനങ്ങളും. പരിശോധനയോടൊപ്പം പൊതുജന ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ട്. തുടര്‍ പരിശോധനകള്‍ നടത്താനും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഹൈവേ പട്രോള്‍ യൂണിറ്റുകളും എന്‍ഫോഴ്സ്മെന്റ് വിഭാഗവും വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.















