
വടകര: വെള്ളം കെട്ടിനിന്ന് യാത്ര മുടങ്ങുന്ന പൂവാടന്‍ഗേറ്റ് റെയില്‍വെ അടിപ്പാതയില്‍ ഇരുഭാഗത്തേയും അപ്രോച്ച് റോഡില്‍ മേല്‍ക്കൂര പണിയുന്നതിന് ഇന്ന് തുടക്കമായി. അപ്രോച്ച്
റോഡിലെ ഭിത്തികളില്‍ മേല്‍ക്കൂരയുടെ തൂണുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. ഈരോഡ് കേന്ദ്രമായ ജെവി കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണ ചുമതല.
രണ്ട് വര്‍ഷം മുമ്പേ അടിപ്പാത പണിതെങ്കിലും അപ്രോച്ച് റോഡില്‍ മേല്‍ക്കൂര ഇല്ലാത്തത് കാരണം ഇതുവഴിയുള്ള യാത്ര പലപ്പോഴും പ്രതിസന്ധിയിലായിരുന്നു. മഴക്കാലത്ത് അടിപ്പാതയില്‍ വെള്ളം കെട്ടി നിന്ന് യാത്ര ചെയ്യാനാവാത്ത സ്ഥിതി. പമ്പിംഗ് സംവിധാനമുണ്ടെങ്കിലും ഇരുഭാഗത്തേയും അപ്രോച്ച് റോഡില്‍ നിന്ന് ഒഴുകിയെത്തുന്ന
വെള്ളം അടിപ്പാതയില്‍ വലിയ തോതില്‍ കെട്ടി നില്ക്കുന്നതിനാല് തുടര്‍ച്ചയായി പമ്പിംഗ് നടന്നാലും രക്ഷയില്ലാതെ പോകുന്നു. മേല്‍ക്കൂര യാഥാര്‍ഥ്യമായാല്‍ അപ്രോച്ച് റോഡ് വഴി വെള്ളം എത്തുന്നത് ഒഴിവാകും. ഇക്കാരണത്താല്‍ അടിപ്പാതയിലൂടെ തടസ്സമില്ലാതെ പോകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറെ പരിശ്രമത്തിനു ശേഷം മേല്‍ക്കൂരയുടെ പ്രവൃത്തി ആരംഭിച്ചത് നാട്ടുകാരില്‍ വലിയ ആശ്വാസമാണ് പകര്‍ന്നിരിക്കുന്നത്. മേല്‍ക്കൂര പൂര്‍ത്തിയാകുന്നതോടെ അടിപ്പാതയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കുറയുകയും വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും
ഇതുവഴി തടസ്സമില്ലാതെ പോകാനും കഴിയുമെന്നാണ് കരുതുന്നത്.
മേല്‍ക്കൂരക്കു വേണ്ടി ആക്ഷന്‍ കമ്മിറ്റിയും റസിഡന്റ്സ് അസോസിയേഷനുകളും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും രാഷ്ട്രീയപാര്‍ട്ടികളും സജീവമായി രംഗത്തുണ്ടായിരുന്നു. രണ്ട് മാസം മുമ്പ് പാലക്കാട് ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ മധുകര്‍ റോട്ട് പൂവാടന്‍ഗേറ്റ് സന്ദര്‍ശിച്ച അവസരത്തില്‍ മേല്‍ക്കൂരയുടെ കാര്യം നാട്ടുകാര്‍ അദ്ദേഹത്തിനു മുന്നില്‍ ശക്തമായി ഉന്നയിച്ചിരുന്നു. പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ എത്രയും വേഗം മേല്‍ക്കൂര പണിയുമെന്ന ഉറപ്പും നല്കി.
ഒന്നര മാസമാണ് മേല്‍ക്കൂരയുടെ നിര്‍മാണ കാലാവധി. നിശ്ചിതകാലാവധിക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനിയുടെ പ്രതിനിധി കപില്‍ പറഞ്ഞു.
















