കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില് നവരാത്രി മഹോല്സവത്തിന്റെ എട്ടാം നാളായ ഞായറാഴ്ച വന് ഭക്തജന തിരക്ക് അനുഭവപ്പെട്ടു. ഭക്തിനിര്ഭരമായ
അന്തരീക്ഷത്തില് കാലത്ത് നടന്ന കാഴ്ചശീവേലിക്ക് ശേഷം പിഷാരികാവിലമ്മയുടെ തിടമ്പേറ്റുന്ന ചിറക്കല് കാളിദാസനെ ദര്ശിക്കാനും വിവിധ കലാപരിപാടികള് ആസ്വദിക്കാനും കുടുംബസമേതമാണ് ഭക്തജനങ്ങള് എത്തിയത്. രാവിലെ സരസ്വതി മണ്ഡപത്തില് പി.ടി.ഖദീജയുടെ സംഗീതാര്ച്ചനയും സംഗീതാരാധനയും നൃത്ത അരങ്ങേറ്റവുമായിരുന്നു. കൊരയങ്ങാട് കലാക്ഷേത്രത്തിലെ ദീപ ഓര്ക്കാട്ടേരിയുടെ ശിക്ഷണത്തില് സംഗീതം അഭ്യസിച്ച വിദ്യാര്ഥികളുടെ സംഗീതാര്ച്ചനയും ആര്യാ ദാസിന്റെ ശിക്ഷണത്തിലുള്ള വിദ്യാര്ഥികളുടെ നൃത്ത അരങ്ങേറ്റവും കലാസ്വാദകരുടെ മനം കവര്ന്നു.













