കൊയിലാണ്ടി: പ്രകാശത്തിന്റെയും സംഗീതത്തിന്റെയും വസന്തം വിരിയുന്ന
ദിനരാത്രങ്ങള്‍ ഭക്തിസാന്ദ്രമാക്കാന് കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നവരാത്രി മഹോല്‍സവത്തിനു തുടക്കമാകുന്നു. ഒക്ടോബര്‍ 11 മുതല്‍ 21 വരെ നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോല്‍സവത്തിന്റെ
ഒരുക്കം പൂര്‍ത്തിയായതായി ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഈച്ചരാട്ടില് അപ്പുക്കുട്ടി നായര്‍, എക്സി. ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, ക്ഷേത്രം മാനേജര്‍ അനില്ചെട്ടി മഠം എന്നിവര്‍ അറിയിച്ചു. 18ന് വൈകുന്നേരം ഗ്രന്ഥം വെപ്പ്, 19ന് ദുര്‍ഗാഷ്ടമി, 20ന് മഹാനവമി. 21 ന് വിജയദശമി നാളില്‍ സരസ്വതി പൂജ, ഗ്രന്ഥം എടുക്കല്‍, വിദ്യാരംഭം എന്നിവ നടക്കും.
11 മുതല്‍ 20 വരെ രാവിലെയും വൈകീട്ടും കാഴ്ചശീവേലിക്ക് കേരളത്തിലെ
ആനപ്രേമികളുടെ പ്രിയങ്കരനായ ചിറക്കല്‍ കാളിദാസന് പിഷാരികാവിലമ്മയുടെ തിടമ്പേറ്റും. 11ന് രാവിലെ ക്ഷേത്രത്തിലെത്തുന്ന കാളിദാസനെ ആന പ്രേമികള്‍ സ്വീകരിച്ച് ക്ഷേത്രത്തിലേക്കാനയിക്കും. 21 വരെ എന്നും രാവിലെ സംഗീതാരാധനയും വൈകീട്ട് നൃത്ത നൃത്യങ്ങളും അരങ്ങേറും. ക്ഷേത്ര മേല്‍ശാന്തി എന്‍. നാരായണന് മൂസ്സതിന്റെ നേതൃത്വത്തില്‍ പ്രമുഖര്‍ വിദ്യാരംഭത്തിന് നേതൃത്വം നല്‍കും. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങള്‍ക്ക് കാലത്ത് എട്ട് മുതല്‍ പ്രഭാത ഭക്ഷണവും 11.30 മുതല്‍ 2.30 വരെ പ്രസാദഊട്ടും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
-സുധീര്‍ കൊരയങ്ങാട്
















