
കക്കട്ടില്‍: കൈവേലിയില്‍ നിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധങ്ങളുമായി പോകുകയായിരുന്ന ലോറി കക്കട്ടില്‍ തീപിടിച്ച് കത്തിയമര്‍ന്നു. ഇന്നു പുലര്‍ച്ചെ ഒരു
മണിയോടെയാണ് സംഭവം. കെ.മാളിന് മുന്നില്‍ ഇലക്ട്രിക് ലൈനില്‍ തട്ടി സ്പാര്‍ക്കായി ലോറിയിലെ ആക്രി സാധനങ്ങള്‍ക്കും തുടര്‍ന്ന ലോറിക്കും തീപിടിക്കുകയായിരുന്നു.
നാദാപുരം അഗ്‌നിരക്ഷസേന സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ ലൈജു ഐസക്കിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സേന 30 മിനുട്ട് പ്രവര്‍ത്തിച്ച് തീ പൂര്‍ണമായും അണച്ചു. വാഹനത്തില്‍ നിന്ന് റോഡില്‍ വീണു കത്തിയ ആക്രി സാധങ്ങളിലെയും തീ അണച്ചു. ലോറിയില്‍ നിന്നു പൊട്ടിതെറിച്ച് വീണ വസ്തുവില്‍ നിന്നു റോഡിന് സമീപം ഹരിത കര്‍മ്മ
സേന ശേഖരിച്ചു വെച്ച പ്ലാസ്റ്റിക് വേസ്റ്റിനും തീപിടിച്ചിരുന്നു. സേന അതും പൂര്‍ണമായും അണച്ചു.
തീ പിടിച്ചത്തിനു പിന്നാലെ വാഹനത്തിന്റെ എയര്‍ ടാങ്ക് പൊട്ടി വാഹനം നിരങ്ങി നീങ്ങിയത് പരിഭ്രാന്തി പരത്തി. അടുത്തുള്ള കടകളിലേക്ക് തീ പടരാതെ ഫയര്‍ ഫോഴ്‌സ് സമയോചിതമായി ഇടപ്പെട്ടതും കെ-മാള്‍ ഹൈഡ്രന്റ് പൈപ്പില്‍ നിന്ന് വെള്ളം ലഭിച്ചതും ആശ്വാസമായി. സ്പാര്‍ക്ക് ആയി കത്തിയപാടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി ഇറങ്ങി രക്ഷപെട്ടതിനാല്‍ ആളപായം ഒഴിവായി.
രക്ഷപ്രവര്‍ത്തനത്തില്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ മാരായ ആദര്‍ശ്. വി. കെ, സുദീപ്. എസ്. ഡി,ശികിലേഷ്. കെ. കെ,ലിനീഷ് മര്യാട്, രാകേഷ്.പി. കെ,അഖില്‍. എന്‍. കെ, അഖിലേഷ്, ശ്രീരൂപ്, ഹോം ഗാര്‍ഡ് ഷിനു. പി എന്നിവര്‍ പങ്കെടുത്തു.
















