അരൂര്‍: പ്രമുഖ വ്യാപാരിയും സാമൂഹിക പ്രവര്‍ത്തകനുമായ വാതുക്കല്‍ പറമ്പത്ത് കുഞ്ഞമ്മദ് (കോട്ട് കുഞ്ഞമ്മദ്-88). അന്തരിച്ചു. ചെറുപ്രായത്തില്‍ തൊട്ടില്‍പ്പാലത്ത് പഴയ
ചാക്കുകച്ചവടത്തിലൂടെ വ്യാപാരരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം കഠിനാധ്വാനത്തിലൂടെയാണ് മലയോര മേഖലയായ തൊട്ടില്‍പ്പാലത്തെ ശ്രദ്ധേയനായ വ്യാപാരിയായി വളര്‍ന്നത്. പിന്നീട് സ്വദേശമായ അരൂരിലേക്ക് കച്ചവടം മാറ്റിയ അദ്ദേഹം നാടിന്റെ ജീവകാരുണ്യ, സാമൂഹിക, വികസന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി മാറി. അദ്ദേഹത്തിന്റെ പേരിനോട് ചേര്‍ത്താണ് അരൂരിലെ ‘കോട്ട്മുക്ക്’ എന്ന സ്ഥലനാമം രൂപപ്പെട്ടത്. ജനങ്ങള്‍ സ്‌നേഹത്തോടെ നല്‍കിയ ഈ പേര് അദ്ദേഹത്തിന്റെ ജനകീയ സ്വീകാര്യതയുടെ അടയാളമായി ഇന്നും നിലനില്‍ക്കുന്നു. പെരുണ്ടച്ചേരി നൂറുല്‍ ഈമാന്‍ മഹല്ല് കമ്മിറ്റി ട്രഷററായിരുന്നു. മഹല്ലിന്റെയും പള്ളിയുടെയും വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. പൊതുപ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു.
പരേതരായ പുത്തനാടത്തില്‍ മൊയ്തീന്റെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: ആയിശ വായേരി (വള്ള്യാട്). മക്കള്‍: പാത്തു, കദീശ്ശ, നാസര്‍, സൈനബ, മാമി, ഹാജറ. മരുമക്കള്‍: മഠത്തില്‍ അമ്മദ് മുസ്ല്യാര്‍, അമ്മദ് കല്ലില്‍, കുഞ്ഞബ്ദുല്ല പാറക്കെട്ടില്‍, മൂസ്സ (കോട്ടപ്പള്ളി), ഷഹാന (കുളങ്ങര താഴ), അസീസ് (നരിപ്പറ്റ). സഹോദരങ്ങള്‍: കുഞ്ഞബ്ദുള്ള (തൊട്ടില്‍പ്പാലം), പരേതരായ കുഞ്ഞാമി, ബിയ്യാത്തു, വടക്കയില്‍ കുഞ്ഞി സൂപ്പി.















