കോഴിക്കോട്: വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പരസ്പരം മനസ്സിലാക്കുകയും ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന സൗഹൃദത്തിന്റെയും
വൈവിധ്യത്തിന്റെയും ഇടങ്ങളായി ക്യാമ്പസുകള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍ പറഞ്ഞു. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ നടന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാന തല അധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യത്യസ്ത സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരുമായി ഇടപഴകിയുള്ള പഠനാനുഭവങ്ങള്‍ വിശാലമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളില്‍ നിറയേണ്ടത് സൗഹൃദങ്ങളും വൈവിധ്യങ്ങളുമാണ്. വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഒരുമിച്ച് പഠിക്കുകയും സംവദിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കണം. ഇത്തരം സൗഹൃദങ്ങളും വൈവിധ്യങ്ങളും രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അറിവ് പകരുക എന്നതിനപ്പുറം ഓരോ വിദ്യാര്‍ഥിയെയും തിരിച്ചറിഞ്ഞ് അവരുടെ കഴിവുകളും അഭിരുചികളും പരിപോഷിപ്പിച്ച് കൈപിടിച്ച് ഉയര്‍ത്തുകയാണ് അധ്യാപകരുടെ ഉത്തരവാദിത്വം. അറിവിനൊപ്പം ചിന്തിക്കാനും സംവദിക്കാനും പരസ്പരം ബഹുമാനിക്കാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന അക്കാദമിക് അന്തരീക്ഷമാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് സൗത്ത് എംഎല്‍എ ഫൈസല്‍ ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ. സി.എന്‍.ബാലകൃഷ്ണന്‍ നമ്പ്യാരെ ആദരിച്ചു. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് മാനേജര്‍ ഡോ. സുജിത് വര്‍മ്മ.എസ് അധ്യാപകദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. ഉണ്ണിക്കൃഷ്ണന്‍.എസ്, കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ എന്‍.എം.ഷിംന, ആന്‍.കെ.റിയ എന്നിവര്‍ സംസാരിച്ചു.
–















