ഒഞ്ചിയം: ഒഞ്ചിയം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളും
ഓണസദ്യയും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ വേറിട്ട അനുഭവമായി.
പൂക്കള മത്സരം, സുന്ദരിക്ക് പൊട്ടുതൊടല്‍, വാട്ടര്‍ ഫില്ലിംഗ്, ഉറിയടി, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത വടംവലി മത്സരവും തിരുവാതിരക്കളിയും ഏറെ ആവേശത്തോടെയാണ് കാണികള്‍ ഏറ്റെടുത്തത്. സിംഫണി ഒഞ്ചിയം സംഘടിപ്പിച്ച പൂക്കള മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഒഞ്ചിയം ഗവണ്‍മെന്റ് യുപി സ്‌കൂളിന് ലഭിച്ചു. ഉച്ചയ്ക്ക് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒന്നിച്ചിരുന്ന് ഓണസദ്യ കഴിച്ചു. സദ്യയ്ക്കായി കുട്ടികള്‍ തന്നെ വീടുകളില്‍ നിന്ന് വിഭവങ്ങള്‍ കൊണ്ടുവന്നത് ആഘോഷത്തിന്റെ കൂട്ടായ്മ വിളിച്ചോതുന്നതായി.
വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട്, വാര്‍ഡ് മെമ്പര്‍ നിഷ കഴകപ്പുരയില്‍, അഷറഫ്, യൂസഫ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് രജീഷ്.ആര്‍.കെ, മദര്‍ പിടിഎ പ്രസിഡന്റ് റാഹിന, പ്രധാനാധ്യാപകന്‍ ടി.വി.എ.ജലീല്‍, പിടിഎ വൈസ് പ്രസിഡന്റ്മാരായ വിനീഷ്.സി, പവിത്രന്‍.പി.കെ, അധ്യാപകരായ ബിജു മൂഴിക്കല്‍, ഹരികൃഷ്ണന്‍, ശ്രീജ.എം.പി.ടി, തസ്ലി.സി.കെ, അശ്വിനി, ആന്‍സി, തേജ്‌ന, ബിജിഷ, ദിന്‍ഷാദാസ്, പ്രീതി.കെ.കെ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.















