ആയഞ്ചേരി: റഹ്മാനിയ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ വിമുക്തി കേഡറ്റ് ടീമും കുടുംബശ്രീയും സഹകരിച്ച് നടപ്പാക്കുന്ന ”ലഹരിയില്ലാ ആയഞ്ചേരി” ജനകീയ
ക്യാമ്പയിന്റെ ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയായി. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 292 കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായാണ് ഒന്നാംഘട്ട പരിശീലനം സംഘടിപ്പിച്ചത്. ”ലഹരിയെ അറിയാം; കുടുംബത്തെ സംരക്ഷിക്കാം” എന്ന വിഷയത്തില്‍ നടന്ന പരിശീലനത്തില്‍ ലഹരിയുടെ ദോഷഫലങ്ങള്‍, കുടുംബങ്ങളിലെ ജാഗ്രത, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പൊതുസമൂഹത്തിന്റെ പങ്കാളിത്തം എന്നിവ വിശദീകരിച്ചു. ക്യാമ്പയിന്റെ ഭാഗമായി വാര്‍ഡ് തല ഉദ്ഘാടനവും പരിശീലന പരിപാടികളും പൂര്‍ത്തിയായി. 18 വാര്‍ഡുകളിലെ മെമ്പര്‍മാരുടെയും സിഡിഎസ് അംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു പരിപാടികള്‍. പി.കെ.അസീസ്, അലി റഹ്മാനി, ഷഫ്‌നാസ്, ഇല്യാസ് മാങ്ങോട്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷിജില.എന്‍.കെ എന്നിവര്‍ വിവിധ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി. എട്ടാം വാര്‍ഡിലെ പരിശീലന പരിപാടി റഹ്മാനിയ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സി.ഷീബ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ കിളിയമ്മല്‍
കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. പരിശീലനത്തിന് ഷഫ്‌നാസ് നേതൃത്വം നല്‍കി. പി.കെ.അസീസ് തുടര്‍പദ്ധതി അവതരിപ്പിച്ചു. സി.എച്ച്.പത്മനാഭന്‍, അശോകന്‍ തയ്യില്‍, കെ.എം.സി.തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ജസീറ.കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിഡിഎസ് മെമ്പര്‍ ഷിമ തറമ്മല്‍ സ്വാഗതവും അശോകന്‍ തയ്യില്‍ നന്ദിയും പറഞ്ഞു. തുടര്‍ പ്രവര്‍ത്തനമെന്ന നിലയില്‍ ”ജാഗ്രതയോടെ ഇടപെടാം; ഉത്തരവാദിത്വമുള്ള ഇന്‍ഫോര്‍മര്‍മാരാകാം” എന്ന സന്ദേശവുമായി രണ്ടാംഘട്ട പരിശീലനം സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. കുടുംബങ്ങളില്‍ രൂപപ്പെടുന്ന ലഹരിവിരുദ്ധ ജാഗ്രത സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ”കുടുംബത്തില്‍ നിന്ന് സമൂഹത്തിലേക്ക്, ലഹരിമുക്ത ആയഞ്ചേരിക്കായി” എന്ന ആശയത്തില്‍ മൂന്നാംഘട്ട പരിശീലനം ഒക്ടോബര്‍ ആദ്യവാരം ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.















