
വടകര: പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പൂവിളിയോടെ ഒരു ഓണക്കാലം കൂടി
പിറന്നു. നാടും നഗരവും ഓണമൂഡിലായി.
പൂക്കള്‍ തേടി കുട്ടികള്‍ തൊടികളിലേക്കിറങ്ങും. ഓണക്കാലം കണക്കിലെടുത്ത് പലരും പൂക്കൃഷി തന്നെ ഒരുക്കിയിട്ടുണ്ട്. പൂക്കളത്തിനായി ഓണവിപണിയില്‍ പൂക്കള്‍ എത്തിത്തുടങ്ങി.
അത്തം പിറന്നതോടെ മലയാളികള്‍ ഔദ്യോഗികമായി ഓണാഘോഷങ്ങളിലേക്ക് കടക്കുകയായി.
പൂക്കളങ്ങള്‍, ഓണക്കോടി, ഓണക്കളികള്‍, ഓണസദ്യ തുടങ്ങിയ എല്ലാത്തിനും ഇന്ന് ഒരുക്കം തുടങ്ങും. ഓണപ്പരീക്ഷകള്‍ അവസാനിച്ച് ഓഗസ്റ്റ് 21 ഓടെ കുട്ടികളും ഓണാവധിയിലേക്ക്
കടക്കും. സര്‍ക്കാരിന്റേത് അടക്കം വിവിധ ഓണച്ചന്തകള്‍ക്കും തുടക്കം കുറിക്കും.
സംസ്ഥാനത്ത് തിരുവോണാഘോഷത്തിന്റെ തുടക്കം കുറിച്ച് ഇന്ന് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര നടക്കും. തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ രാവിലെ 9ന് മുഖ്യമന്ത്രി വി ഡി സതീശന് ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ദീപക് ജോയ് എംഎല്‍എയാണ് അധ്യക്ഷത വഹിക്കുന്നത്. ചലച്ചിത്രതാരം മനോജ് കെ ജയന് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരന്മാണ് ഘോഷയാത്രയില്‍ അണിനിരക്കുന്നത്. തനത് കലകളായ പുലിക്കളി, ചെണ്ടമേളം, തെയ്യം തുടങ്ങി വിവിധ കലാരൂപങ്ങള്‍ അണിനിരക്കും.
















