
തലശ്ശേരി: ചൊക്ലിയില്‍ നിന്നു കാണാതായ പ്ലസ്ടു വിദ്യാര്‍ഥി ശിവസൂര്യയെ എട്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ഓണ്‍ലൈന്‍ ഗെയിം പതിവാക്കി പണം നഷ്ടപ്പെട്ടതോടെ
പിതാവ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തില്‍ വീടുവിട്ടിറങ്ങുകയായിരുന്നു. വിദ്യാര്‍ഥിയെ കണ്ടെത്താന്‍ എസ്ഐടി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
കണ്ണൂര്‍ കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. സംസ്ഥാനത്തിനു പുറത്തേക്കും
കുട്ടിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയുടേതെന്നു കരുതുന്ന കുറിപ്പ് വീട്ടില്‍ നിന്നു കണ്ടെടുത്തിരുന്നു. കാശിയിലേക്കു പോകുകയാണെന്നും ഇനിയുള്ള കാലം അവിടെക്കഴിഞ്ഞ് ദൈവത്തോട് അലിയുമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്.
ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് എസ്ഐടി രൂപീകരിച്ചത്. കുട്ടിയെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് പോലീസിനോട് നിര്‍ദേശിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും
യാതൊരു തുമ്പും പോലീസിനു ലഭിച്ചില്ല. സ്നിഫര്‍ ഡോഗുകളെ ഉപയോഗിച്ച് കുട്ടിയുടെ വീട്ടില്‍ വീണ്ടും പരിശോധന നടത്തി. പോലീസ് നായകള്‍ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താന്‍ കഴിഞ്ഞില്ല. 3000 രൂപയും രണ്ടു ജോഡി വസ്ത്രവും എടുത്താണ് ശിവസൂര്യ വീടുവിട്ടത്.
















