
കാസര്‍കോട്: ഉദുമ ചെമ്മനാട് അച്ഛനെയും മകളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശിയും കാസര്‍കോട് മീപ്പുഗിരിയില്‍ താമസക്കാരനുമായ ഗണേശന് (55),
പ്ലസ് ടു വിദ്യാര്‍ഥിനിയായ മകള്‍ വൈഷ്ണവി (17) എന്നിവരാണ് മരിച്ചത്. ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ ഇരുനില വാടകവീട്ടിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹോം നഴ്സായ ഭാര്യ ഓമന കുമ്പളയിലെ ജോലിസ്ഥലത്തും മകന് വിഷ്ണു കാറ്ററിംഗ് ജോലിക്കും പോയ സമയത്തായിരുന്നു സംഭവം. പരവനടുക്കം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥിനിയാണ് വൈഷ്ണവി. ശനിയാഴ്ച രാത്രി 11.10-ഓടെ ഗണേശന് അയല്‍ വീട്ടിലെത്തി മകളെ കാണാനില്ലെന്ന് അറിയിച്ചു. പിന്നീട് വീട്ടിലേക്ക് തിരികെപ്പോയി. സംശയം തോന്നിയ അയല്‍വാസികള്‍
മേല്‍പ്പറമ്പ് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി അകത്തുനിന്ന് പൂട്ടിയ വാതില്‍ ബലംപ്രയോഗിച്ച് തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഏതാനും മാസങ്ങള്‍ മുന്‍പാണ് ഗണേശനും കുടുംബവും ശിവപുരത്തെ വാടകവീട്ടിലേക്ക് താമസം മാറിയത്. വിഷ്ണുപ്രിയയാണ് ഗണേശന്റെ മറ്റൊരു മകള്‍. സംഭവത്തില്‍ മേല്‍പ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
















