കണ്ണൂര്‍: സ്ഥലം മാറ്റിയതില്‍ മനംനൊന്ത് ചൊക്ലിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അധികാരികള്‍ക്കെതിരെ നരഹത്യക്ക്
കേസെടുക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യുഡിഎഫ് അനുകൂല യൂണിയന്‍ ഭരണത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത ഇടപെടലിന്റെ ഇര കൂടിയാണ് കുഴഞ്ഞു വീണ് മരിച്ച ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.ദീപ ലേഖ. സ്ഥലംമാറ്റം സംബന്ധിച്ച പ്രയാസം ചൊക്ലിയില്‍ ജനപ്രതിനിധിയോട് സംസാരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. അപകടത്തില്‍ കാലിന്റെ എല്ല് പൊട്ടി മൂന്ന് മാസം കിടപ്പിലായിരുന്ന ഇവര്‍ ഒരാഴ്ച മുന്പാണ് ജോലിക്കെത്തിയത്. നടക്കാന്‍ പ്രയാസമായിരുന്നു. ഇതിനിടയിലാണ് യുഡിഎഫ്
സംഘടനകളുടെ സമ്മര്‍ദത്തില്‍ സ്ഥലം മാറ്റിയത്. രാഷ്ട്രീയ പ്രേരിതമായ അഞ്ഞൂറിലധികം സ്ഥലം മാറ്റം ആരോഗ്യ വകുപ്പില്‍ തന്നെ നടത്തി. ഭിന്നശേഷിക്കാരടക്കം നിരവധി പേരെയാണ് തലങ്ങും വിലങ്ങും മാറ്റിയത്. ഇതിനെതിരെ ജീവനക്കാരുടെ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് ഈ മരണം. സ്ഥലം മാറ്റത്തില്‍ മനം നൊന്ത് കാസര്‍കോട്ട് സീനിയര്‍ ക്ലര്‍ക്ക് ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമാണ്. കണ്ണൂര്‍ മെഡി. കോളേജില്‍ ഭരണാനുകൂല സംഘടനകളുടെ ഭീഷണിയില്‍ ഡോക്ടര്‍ കുഴഞ്ഞു വീണതും അടുത്ത ദിവസമാണ്. അധികാരത്തിന്റെ ഹുങ്കില്‍ ജീവനക്കാര്‍ക്ക് എതിരെ എന്തുമാവാമെന്ന ധാരണ ഭരണവിലാസം സംഘടനകള്‍ക്ക് വേണ്ടെന്നും കെ.കെ.രാഗേഷ് പറഞ്ഞു.















