തിരുവനന്തപുരം: പെന്‍ഷന്‍ തുക നേരിട്ട് വീട്ടിലെത്തിക്കുന്ന രീതി നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിലെ
സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തെ അംഗീകരിക്കാനാകില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. പാവപ്പെട്ടവരുടെ കൈകളില്‍ നേരിട്ട് പെന്‍ഷന്‍ തുക എത്തിക്കുന്ന ജനകീയ പെന്‍ഷന്‍ വിതരണ പദ്ധതിയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നതെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
‘കിടപ്പുരോഗികള്‍ ഒഴികെയുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പെന്‍ഷന്‍ വിതരണം ഡിബിടി വഴി ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാക്കാനാണ് സര്‍ക്കാരിന്റെ
ഏറ്റവും പുതിയ ഉത്തരവ്. സഹകരണ സംഘങ്ങള്‍ വഴിയുള്ള വീട്ടുപടിക്കലെ പെന്‍ഷന്‍ വിതരണം നിര്‍ത്തലാക്കാനുള്ള ഈ നീക്കം പതിയെ പെന്‍ഷന്‍ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണ്’, പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബഹുഭൂരിപക്ഷവും അടിസ്ഥാന വിഭാഗത്തില്‍ നിന്നുള്ളവരും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരുമാണ് വാതില്‍പ്പടി സേവനം ആവശ്യമുള്ളവര്‍. ഇവര്‍ക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവെന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അവകാശമല്ലെന്നും സര്‍ക്കാരിന്റെ ഔദാര്യമാണെന്നുമുള്ള വികല വലതുപക്ഷ നയത്തിന്റെ പ്രതിഫലനമാണ് യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ ഉത്തരവെന്ന് പിണറായി വിജയന്‍ പറഞ്ഞു.
പെന്‍ഷന്‍ വിതരണ രീതിയെപ്പറ്റിയുള്ള
കേന്ദ്ര തിട്ടൂരങ്ങളെ തള്ളിക്കളഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നത്. എന്നാല്‍ കേന്ദ്രനിര്‍ദ്ദേശം ഒരു അവസരമായി കണ്ടുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതിയെ തന്നെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണ്. ജനകീയ പെന്‍ഷന്‍ വിതരണ സംവിധാനമില്ലാതാക്കി വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതിയാണ്. പുതിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യമുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും സഹകരണ സംഘങ്ങള്‍ വഴി വീട്ടില്‍ നേരിട്ട് പെന്‍ഷന്‍ എത്തിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
















