വടകര: വികസന പ്രവൃത്തി പൂര്‍ത്തിയായി വരുന്ന ദേശീയപാതയില്‍ ജനസാന്ദ്രതയും ഗതാഗതത്തിരക്കും കണക്കിലെടുത്ത് അടിയന്തരമായി കൂടുതല്‍ വാഹന അണ്ടര്‍പാസുകളും
ഓവര്‍പാസുകളും ഫുട്ഓവര്‍ ബ്രിഡ്ജുകളും അനുവദിക്കേണ്ടതുണ്ടെന്ന് ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് എംപി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് നിവേദനം നല്കി. ചോമ്പാല ഫിഷിംഗ് ഹാര്‍ബര്‍ റോഡ് ജംഗ്ഷനില്‍ (മീത്തലെ മൂക്കാലി) മലബാറിലെ പ്രമുഖ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവര്‍ത്തനവും പ്രദേശത്തെ സാമ്പത്തിക സ്രോതസ്സായ മത്സ്യ വ്യാപാരവും സ്കൂള്ആരാധനാലയ യാത്രകളും തടസ്സപ്പെടാതിരിക്കാന്‍ അണ്ടര്‍പാസ് അനിവാര്യമാണ്. ചോളംവയല്‍-പഴങ്കാവ് റോഡ് ജംഗ്ഷനില്‍ (ചെയിനേജ് 199 + 159) പരമ്പരാഗത അണ്ടര്‍പാസിന് സാങ്കേതിക തടസ്സമുള്ളതിനാല്‍, ഫയര്‍ ഫോഴ്സ് ഉള്‍പ്പെടെയുള്ള അടിയന്തര സ്വഭാവമുള്ള സേവനങ്ങള്‍ സുഗമമാക്കനും തടസ്സപ്പെട്ടതിരിക്കാനും ഓവര്‍പാസ് നിര്‍മിക്കണമെന്ന നിര്‍ദേശം ഗൗരവമായി പരിഗണിക്കണം. മൂരാട് പാലത്തിന് സമീപമുള്ള പാലയാട്ട് നടയില്‍ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജെഎന്‍എം ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയും മണിയൂര്‍, തോടന്നൂര്‍ പഞ്ചായത്തുകളിലേക്കുള്ള യാത്ര സുഗമമാക്കാനും
അണ്ടര്‍പാസ് അനുവദിക്കണം. കെടി ബസാറില്‍ പ്രദേശവാസികളുടെ ഒറ്റപ്പെടല്‍ ഒഴിവാക്കാനും കൊയിലാണ്ടിക്ക് സമീപം അണേലയില്‍ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യ പരിഹാരത്തിനുമായി അണ്ടര്‍പാസുകള്‍ അടിയന്തരമായി നിര്‍മിക്കണം. ജനകീയ പ്രക്ഷോഭം നടന്ന ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വെത്തിലപ്പാറ ജംഗ്ഷനില്‍ കാപ്പാട് ബീച്ചിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഉപകാരപ്പെടും വിധം അണ്ടര്‍പാസ് അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഇതോടൊപ്പം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് സഹായകരമായ ഫുട് ഓവര്‍ബ്രിഡ്ജുകള്‍ നിര്‍മിക്കണമെന്ന ആവശ്യവും എംപി നിവേദനത്തില്‍ ഉന്നയിച്ചു. ഈ പദ്ധതികള്‍ക്ക് ഉടന്‍ സാങ്കേതിക അനുമതി നല്കി നിര്‍മാണം വേഗത്തിലാക്കാന്‍ കേന്ദ്രമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ എംപി അഭ്യര്‍ഥിച്ചു.















