കൊയിലാണ്ടി: പഴയ ചിത്ര ടാക്കീസിന് സമീപത്തെ ആക്രിക്കടയില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. കട നടത്തുന്ന തിരുനെല്‍വേലി
സ്വദേശി മുത്തു കുമാര്‍, കടയിലുള്ള തിരൂര്‍ സ്വദേശി മണികണ്ഠന്, ശരവണന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുത്തു കുമാറിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
പഴയ ബൈക്ക് വില്‍പ്പനയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നറിയുന്നു. ഇന്ന് വൈകീട്ടാണ് മൂന്ന് പേരടങ്ങിയ സംഘം പഴയ സ്കൂട്ടര്‍ തുക ഉറപ്പിച്ച് കച്ചവടം നടത്തി തിരികെ പോയത്. രാത്രി ഒമ്പത് കഴിഞ്ഞ് ഇവര്‍ വീണ്ടും വരികയായിരുന്നു. അപ്പോഴേക്കും സ്കൂട്ടര്‍ പകുതിയിലേറെ പൊളിച്ചു മാറ്റുകയും ചെയ്തു. തന്ന പണം പോരെന്ന് പറഞ്ഞ് ഇവര്‍ കടക്കാരനോട്
ബഹളം വെക്കുകയും അടിപിടിയില്‍ കലാശിക്കുയുമായിരുന്നു. അതിനിടെ കൂട്ടത്തിലുള്ള ഒരാള്‍ കത്തിയെടുത്ത് മുത്തുകുമാറിനെ കുത്തി പരിക്കേല്‍പ്പിച്ചു. തലക്കും ചെവിയുടെ ഭാഗത്തുമാണ് പരിക്ക്. പിടിച്ചു മാറ്റാനുള്ള ശ്രമത്തിലാണ് മറ്റ് രണ്ടു പേര്‍ക്കും പരിക്കേറ്റത്. അവരെ നാട്ടുകാര്‍ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മൂന്നു പേരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. സംഭവത്തിന് ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി പോലീസ് സഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
-സുധീര്‍ കൊരയങ്ങാട്
















