വടകര: വടകര-വില്യാപ്പള്ളി-തണ്ണീര്‍പന്തല്‍ റോഡ് തകര്‍ന്ന് തരിപ്പണമായി. തകരാന്‍ ഇനി
സ്ഥലമില്ലാത്ത അവസ്ഥയാണ്. വാഹനത്തിലെന്നല്ല നടക്കാന്‍ പോലും പ്രയാസം. യാത്രക്കാരുടെ നടുവൊടിക്കുന്ന മട്ടിലാണ് കാര്യങ്ങള്‍. റോഡ് പണി കാരണം
മുഴുവന്‍സ്ഥലങ്ങളിലും മണ്ണ് കൂട്ടിയിട്ടതിനാല്‍ മഴ പെയ്തതോടെ ചളിവെള്ളം റോഡില്‍ കെട്ടി കിടക്കുകയാണ്. റോഡില്‍ നിറയെ കുഴികളും അതിലാകെ ചെളിയും. ഇതിലൂടെ സര്‍ക്കസ് കളിച്ചുവേണം വാഹനങ്ങള്‍ക്ക് പോകാന്‍. ഡ്രെവര്‍മാര്‍ക്ക് റോഡിലെ കുണ്ടും കുഴിയും മനസ്സിലാവുന്നില്ല. അതിനാല്‍ തന്നെ വാഹനങ്ങളുടെ പരിപ്പെടുക്കുന്ന സ്ഥിതിയാണെന്നാണ് നാട്ടുവര്‍ത്തമാനം. ബസ്സുകളുടെ അവസ്ഥയാണ് ദയനീയം. ടയറും പാര്‍ട്‌സുമൊക്കെ തകരാറിലാവുന്നു. അറ്റകുറ്റ പണി സ്ഥിരമായിരിക്കുകയാണ്. ഇതിലൂടെയല്ലാതെ ബസുകള്‍ക്ക് വേറെ റൂട്ടില്‍ പോകാനാവില്ലല്ലോ. റോഡിന്റെ കിടപ്പ് കാരണം ബസ് സര്‍വീസ് നടത്താന്‍ പറ്റാത്ത അവസ്ഥയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ബസ്സോട്ടം നിര്‍ത്തിവെക്കുന്നതിനെ കുറിച്ചാണ് ഉടമകള്‍ ആലോചിക്കുന്നത്. റോഡ് പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും അല്ലാത്തപക്ഷം ബസ് സര്‍വീസ് നിര്‍ത്തിവെക്കേണ്ടിവരുമെന്നും വടകര ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എ.പി.ഹരിദാസന്‍ അറിയിച്ചു.















