
മാഹി: ന്യൂമാഹി ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂമാഹി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അഭ്യന്തരമന്ത്രി ഉള്‍പെടെയുള്ളവര്‍ക്ക്
നിവേദനം നല്‍കി. രണ്ട് വര്‍ഷത്തിലേറെയായി എയിഡ് പോസ്റ്റ് അടഞ്ഞു കിടക്കുകയാണ്. ഇത് പ്രദേശവാസികളിലും യാത്രക്കാരിലും കടുത്ത സുരക്ഷാ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
കേന്ദ്ര ഭരണ പ്രദേശമായ മാഹിയോട് ചേര്‍ന്ന ന്യൂമാഹി ടൗണ്‍ കണ്ണൂര്‍ ജില്ലാ അതിര്‍ത്തി പ്രദേശമാണ്. തിരക്കേറിയ ദേശീയ പാതയിലെ പ്രധാന കവലയിലുടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്നുണ്ട്. മുപ്പതിലേറെ മദ്യശാലകളുള്ള മാഹിയില്‍ നിന്നെത്തുന്ന മദ്യപരുടെ ശല്യവും വാഹനങ്ങളുടെ ഗതാഗത
കുരുക്കും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രികര്‍ക്ക് നിത്യേന ദുരിതമാണ് സമ്മാനിക്കുന്നത്. പോലിസ് എയ്ഡ് പോസ്റ്റിന്റെ അഭാവം കാരണം സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ധിക്കുകയും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ഉയര്‍ന്നിരിക്കുകയുമാണ്. രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം, നിയമലംഘനങ്ങള്‍, അനിഷ്ട സംഭവങ്ങള്‍ എന്നിവ വര്‍ധിച്ചു.
കിലോമീറ്ററുകള്‍ക്കപ്പുറം പാറാലില്‍ സ്ഥിതി ചെയ്യുന്ന ന്യൂമാഹി പോലീസ് സ്റ്റേഷനില്‍ നിന്ന് സംഭവസ്ഥലത്തേക്ക് പോലീസ് എത്താന്‍ താമസം നേരിടുന്നത് പ്രതികൂലമായി
ബാധിക്കുന്നുണ്ട്. ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെയും നാലോ അഞ്ചോ പോലീസ് ഉദ്യോഗസ്ഥരുടെയും സേവനത്തോടെ മാഹി പോലീസ് എയ്ഡ് പോസ്റ്റ് അടിയന്തരമായി പുനഃസ്ഥാപിച്ച് 24 മണിക്കുറും പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
കണ്ണൂര്‍ പോലീസ് സുപ്രണ്ട്, തലശ്ശേരി എസിപി, ന്യൂ മാഹി സ്റ്റേഷന്‍ ഓഫീസര്‍ എന്നിവര്‍ക്കും ന്യൂമാഹി മണ്ഡലം കോണ്‍ഗ്രസ് ജന. സെക്രട്ടറി ഷാനു പുന്നോല്‍ നിവേദനം നല്‍കി.
















