
ന്യൂയോര്‍ക്ക്: ലോകത്തിലെ എല്ലാ കണ്ണുകളും അമേരിക്കയിലേക്ക്. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30 മുതല്‍ ലോകം കണ്ണിമ
ചിമ്മാതെ നോക്കിയിരിക്കും. വിശ്വ കിരീടം ചൂടുന്നവരെ കണ്ടെത്തുന്ന കലാശപ്പോരിന്റെ സൗന്ദര്യം ആസ്വദിക്കാന്‍. ജൂണ്‍ 19ന് തുടങ്ങിയ ലോക കപ്പ് പോരാട്ടത്തിന്റെ അവസാന കളിയില്‍ ഏത് ടീം മിന്നും പ്രകടനം കാഴ്ചവെക്കും. മുപ്പത്തിയൊമ്പതുകാരന്‍ ലയേണല്‍ മെസ്സിയുടെ അര്‍ജന്റീനയോ പത്തൊമ്പതുകാരന്‍ ലാമിന്‍ യമാലിന്റെ സ്‌പെയിനോ. കാല്‍പന്തു കൊണ്ട് കവിത രചിക്കുന്നതിന്റെ ചന്തം കാണാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചുകേരളത്തിലുള്ളവര്‍ ഉള്‍പെടെ ലോകത്തെ ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നടങ്കം.
ഫുട്‌ബോള്‍ ആവേശം കണക്കിലെടുത്ത് കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ മാത്രമല്ല എല്ലാ തരക്കാരും ഫുട്‌ബോളിന്റെ സുന്ദരകാഴ്ചകള്‍ കാണാന്‍ ടിവിക്കും ബിഗ് സ്‌ക്രീനിനും മുന്നിലായി ഇരിക്കും.
അര്‍ജന്റീനയും സ്‌പെയിനും തമ്മില്‍ ഒരു ലോകകപ്പ് ഫൈനല്‍ നടക്കുക എന്നത് ഏതൊരു ഫുട്‌ബോള്‍ പ്രേമിയുടെയും സ്വപ്നതുല്യമായ പോരാട്ടമാണ്. നിലവിലെ സാഹചര്യത്തില്‍ ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച രണ്ട് കളിക്കൂട്ടുകാര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഈ സ്വപ്ന ഫൈനല്‍ ആവേശത്തിന്റെ കൊടുമുടി കയറും എന്നതില്‍ സംശയമില്ല.
പന്ത് കൈവശം വെച്ച് കൃത്യമായ
പാസുകളിലൂടെ എതിരാളികളുടെ പ്രതിരോധം തകര്‍ക്കുന്നതാണ് സ്‌പെയിനിന്റെ ശൈലി. അധികവും കുറിയ പാസുകളെന്നതാണ് സ്‌പെയിന്റെ രീതി. ഇതോടൊപ്പം റോഡ്രി, ലാമിന്‍ യമാല്‍, നിക്കോ വില്യംസ് തുടങ്ങിയ യുവരക്തങ്ങളുടെ വേഗതയും ക്രിയേറ്റിവിറ്റിയും അവര്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു.
എന്നാല്‍ ഏത് സാഹചര്യത്തിനുമനുസരിച്ച് കളി മാറ്റാന്‍ കഴിയുന്ന അത്ഭുത ടീമാണ് അര്‍ജന്റീന. മധ്യനിരയിലെ കരുത്തും കളി നിയന്ത്രിക്കാനുള്ള മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരുടെ ശേഷിയും ഒപ്പം ലയണല്‍ മെസ്സിയുടെ മാന്ത്രികതയും പുതിയ അറ്റാക്കിങ് നിരയുടെ മൂര്‍ച്ചയും കൗണ്ടര്‍ അറ്റാക്കുകളെ മാരകമാക്കുന്നു.
സ്‌പെയിനിന്റെ റോഡ്രിയും അര്‍ജന്റീനയുടെ മിഡ്ഫീല്‍ഡ് ജനറല്‍മാരും തമ്മിലുള്ള പോരാട്ടമായിരിക്കും കളിയുടെ ഗതി നിശ്ചയിക്കുക. ആര് മധ്യനിര പിടിച്ചെടുക്കുന്നുവോ, അവര്‍ക്ക് കളിയില്‍ മേധാവിത്വം ലഭിക്കും. സ്‌പെയിനിന്റെ യുവവിങ്ങര്‍മാരുടെ വേഗതയെ അര്‍ജന്റീനയുടെ പരിചയസമ്പന്നരായ ഡിഫന്‍ഡര്‍മാര്‍ എങ്ങനെ നേരിടും എന്നത് നിര്‍ണായകമാകും.
പ്രവചനം അസാധ്യമായ മത്സരമായാണ് കലാശപ്പോരിനെ വിശേഷിപ്പിക്കുന്നത്. ടാക്റ്റിക്കല്‍
ആയി രണ്ട് ടീമുകളും തുല്യശക്തികളാണ്.
തടസ്സമില്ലാത്ത പാസിംഗും കുതിപ്പും സ്‌പെയിനിന്റെ അനുകൂല ഘടകമാണ്. വലിയ ഫൈനലുകള്‍ ജയിക്കാനുള്ള മാനസിക കരുത്തും ഒത്തിണക്കവും നിര്‍ണായക നിമിഷങ്ങളില്‍ ഗോള്‍ കണ്ടെത്താനുള്ള മികവുമാണ് അര്‍ജന്റീനയുടെ പ്ലസ് പോയിന്റ്. കരുത്തന്മാരായ ഫ്രാന്‍സിനെ തകര്‍ത്താണ് സ്‌പെയിന്‍ കലാശപ്പോരിനെത്തുന്നതെങ്കില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് അര്‍ജന്റീനയുടെ വരവ്.
ഫൈനലില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കാനാണ് സാധ്യതയെന്നാണ് ഫുട്‌ബോള്‍ വിദഗ്ധരുടെ വിലയിരുത്തല്‍. എക്‌സ്ട്രാ ടൈമിലേക്കോ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കോ നീളാന്‍ സാധ്യതയുള്ള ഒരു ക്ലാസിക് ഫൈനല്‍ ആയിരിക്കും ഇതെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു.
















