വടകര: കടലിന്റെ അടിത്തട്ടിലുള്ള ജങ്കാറിന്റെ അവശിഷ്ടത്തില്‍ തട്ടി വള്ളം തകര്‍ന്നു. മത്സ്യത്തൊഴിലാളികളെ തൊട്ടടുത്തുണ്ടായിരുന്ന മറ്റ് വള്ളക്കാര്‍ രക്ഷപ്പെടുത്തി മാഹി
ഹാര്‍ബറിലെത്തിച്ചു. ചോമ്പാല ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ കുരിയാടിയിലെ ഏറ്റുമാനൂരപ്പന്‍ എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. ഞായര്‍ കാലത്ത് 5 മണിക്ക് 15 ഓളം മത്സ്യതൊഴിലാളികളുമായി പോയ വള്ളം ഏഴുമണിയോടെ ചോമ്പാല്‍ ഹാര്‍ബറിന് വടക്ക് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ കടലിന്റെ അടിത്തട്ടിലുള്ള ജങ്കാറില്‍ തട്ടി തകരുകയും വള്ളം വെള്ളത്തിനടിയിലേക്ക് താണുപോവുകയുമായിരുന്നു. ബഹളം കേട്ട് അടുത്തുണ്ടായിരുന്ന വള്ളക്കാര്‍ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയും വള്ളത്തിന്റെ ഭാഗങ്ങള്‍ കെട്ടിവലിച്ച് മാഹി ഹാര്‍ബറില്‍ എത്തിക്കുകയും ചെയ്തു. വള്ളം തകര്‍ന്നത് കൂടാതെ ഇതിലുണ്ടായിരുന്ന മൂന്ന് ഔട്ട് ബോര്‍ഡ് എഞ്ചിനുകള്‍, എക്കോ സൗണ്ട് ക്യാമറ, എഞ്ചിന്‍ വീഞ്ച് തുടങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതായി. ഏകദേശം പത്ത് ലക്ഷം രൂപയോളം നഷ്ടമുണ്ടാകും. തലശ്ശേരി തീരദേശ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വടകര തീരദേശ പോലീസ് സ്റ്റേഷനില്‍പരാതി നല്‍കി. വടകര ഫിഷറീസ് ഓഫീസിലും പരാതി നല്‍കി.















