വടകര: ശാസ്ത്ര സാഹിത്യ പരിഷത്ത് സജീവ പ്രവര്‍ത്തകനും പുസ്തക വായനയില്‍ ഏറെ സമയം ചെലവിടുകയും വീടുകള്‍ കയറി കുട്ടികള്‍ക്കാവശ്യമായ പുസ്തകങ്ങള്‍
പ്രചരിപ്പിക്കുകയും ചെയ്ത വൈക്കിലശ്ശേരി യുപി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ മുരളിയുടെ സ്മരണ നിലനിര്‍ത്താന്‍ സ്‌കൂളില്‍ പിടിഎ കമ്മിറ്റി ‘വായനാമുറി’ ഒരുക്കി. മുരളി മാഷ് ഓര്‍മ’ എന്ന പേരില്‍ തയ്യാറാക്കിയ വായനാമുറിയുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.മധു നിര്‍വഹിച്ചു. നൂറുകണക്കിന് പുസ്തകങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ചികിത്സയില്ലാത്ത രോഗത്തോട് പടപൊരുതിയ മുരളി മാഷ് മരണാനന്തരം തന്റെ ഭൗതികശരീരം പഠനത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിന് നല്‍കാന്‍ നിര്‍ദേശിക്കുകയുണ്ടായി. മരണ ശേഷവും തന്റെ ശരീരം വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠപുസ്തകമാകണമെന്ന് ആഗ്രഹിക്കുകയും അത് സഫലീകരിക്കുകയും ചെയ്ത മുരളീധരന്‍ മാസ്റ്ററുടെ സ്മരണ നിലനിര്‍ത്താനും കുട്ടികളില്‍ വായനാ ശീലം പരിപോഷിപ്പിക്കാനുമായാണ് വയനാ മാസാചാരണത്തിന്റെ ഭാഗമായി വായനാമുറി ഒരുക്കിയത്. ഉദ്ഘാടന പരിപാടിയില്‍ പിടിഎ പ്രസിഡന്റ് മനോജ് താപു അധ്യക്ഷത വഹിച്ചു. വായനാ മുറിയിലേക്ക് മുരളി മാസ്റ്റരുടെ മകന്‍ അശ്വിന്‍, അനുജന്‍ അനില്‍കുമാര്‍ എന്നിവര്‍ പുസ്തകങ്ങള്‍ നല്‍കി. ഹാരിസ് കുന്നത്ത് രക്ഷിതാക്കള്‍ക്കു ബോധ വല്‍ക്കരണ ക്ലാസെടുത്തു. വിവിധ മത്സര പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് വാര്‍ഡ് മെമ്പര്‍ കെ.ഗോപാലകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പ്രധാന അധ്യാപിക മിനി.കെ.വി, സ്‌കൂള്‍ മാനേജര്‍ സി.ഗോപാലകൃഷ്ണന്‍,
മദര്‍ പിടിഎ പ്രസിഡന്റ് സീന.എന്‍.എം, എസ്എസ്ജി കണ്‍വീനര്‍ ഗിരിജന്‍, സവിത.കെ.പി, ശിശിര എന്നിവര്‍ സംസാരിച്ചു.















