
കന്‍സാസ് സിറ്റി: രണ്ടു മണിക്കൂറിലേറെ നീണ്ട ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലാന്റിനെ 3-1 ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍. നിശ്ചിത
സമയത്ത് ഇരു ടീമുകളും 1-1 സമനില പാലിച്ചതിനെ തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിലാണ് അര്‍ജന്റീന രണ്ട് ഗോളുകള്‍ കൂടി നേടി വിജയം പിടിച്ചെടുത്തത്.
അര്‍ജന്റീനയ്ക്ക് വേണ്ടി മാക് അലിസ്റ്ററും ജൂലിയന്‍ അല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനസുമാണ് ഗോളുകള്‍ നേടിയത്. ഡാന്‍ എന്‍ഡോയെ ആണ് സ്വിറ്റ്‌സര്‍ലന്‍ഡിന് വേണ്ടി ഗോള്‍ സ്‌കോര്‍ ചെയ്തത്. ലോകകപ്പ് ചരിത്രത്തില്‍ അര്‍ജന്റീന ഏഴാം തവണയാണ് സെമിയില്‍ കടക്കുന്നത്. 2022ല്‍ സെമിയിലെത്തിയ അര്‍ജന്റീന ക്രൊയേഷ്യയെ തകര്‍ത്ത്
ഫൈനലിലെത്തുകയും പിന്നീട് ഫ്രാന്‍സിനെ വീഴ്ത്തി ലോകകപ്പ് നേടുകയും ചെയ്തു.
തുല്യശക്തികളുടെ പോരാട്ടമെന്ന് തോന്നുംവിധം ആരംഭിച്ച മത്സരത്തിന്റെ പത്താം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ഹെഡറിലൂടെയാണ്
മാക് അലിസ്റ്റര്‍ അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ശക്തമായി തിരിച്ചടിക്കാന്‍ സ്വിസ് ശ്രമിച്ചെങ്കിലും ആദ്യപകുതിയില്‍ ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയില്‍ സ്വിസ് പട ഉണര്‍ന്ന് കളിക്കുന്നതാണ് കണ്ടത്. 67ാം മിനിറ്റില്‍ എന്‍ഡോയുടെ മികച്ചൊരു നീക്കത്തിലൂടെ സ്വിറ്റ്‌സര്‍ലാന്റ് സമനില നേടി. ഇതിനു പിന്നാലെ സ്വിസ് പടക്ക് പത്ത് പേരിലൊതുങ്ങേണ്ടിവന്നു. ബ്രീല്‍ എംബോലോ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെയാണ് 10 പേരുമായി സ്വിസ് ടീം പൊരുതിയത്. അതിജീവനത്തിനായി
സ്വിസ് പട നല്ല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഗോളായില്ല. എങ്ങനെയെങ്കിലും മത്സരം ഷൂട്ടൗട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു ഇവര്‍ ശ്രമിച്ചത്. എന്നാല്‍ എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ ഗോളിലൂടെ ജൂലിയന്‍ അല്‍വാരസ് അര്‍ജന്റീനയ്ക്ക് ലീഡ് നല്‍കി. കൗണ്ടര്‍ അറ്റാക്കിലൂടെ സ്വിസ് പ്രതിരോധം തകര്‍ത്ത് ലൗട്ടാറോ മാര്‍ട്ടിനെസ് മൂന്നാം ഗോള്‍ നേടി അര്‍ജന്റീനയുടെ വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന സെമി ഫൈനലില്‍ പ്രവേശിച്ചു. അറ്റ്‌ലാന്റയില്‍ നടക്കുന്ന സെമി ഫൈനലില്‍ അവര്‍ ഇംഗ്ലണ്ടിനെയാണ് നേരിടുക. നോര്‍വേയെ 2-1 ന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്.
















