
ഹനോയ്: വിയറ്റ്നാമില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞ് 15 പേര്‍ മരിച്ചു. വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപത്ത്
പ്രാദേശിക സമയം 10.30 ഓടെയാണ് സംഭവം. ലാവ ഫാര്‍മസ്യൂട്ടിക്കല്‍ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളുമുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. വിയറ്റ്നാമിലുള്ള ഇന്ത്യന്‍ അംബാസിഡര്‍മാരുമായി സംസാരിച്ച ശേഷമാണ് മരിച്ചവരില്‍ മലയാളികള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എവി തോമസ്, ഭാര്യ ലോവേനി
തോമസ് എന്നിവരാണ് മരിച്ചത്.
ബോട്ടില്‍ 36 പേരുണ്ടായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രം ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഫു ക്വോക്കിന് സമീപം ഹോന്‍ മേങോയിലാണ് അപകടമുണ്ടായത്. ഓഷ്യന്‍ പേള്‍ ഐലന്‍ഡ്
കമ്പനി സര്‍വീസ് നടത്തുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 32 ഇന്ത്യന്‍ യാത്രികരും മൂന്ന് ക്രൂ അംഗങ്ങളും ഒരു അറ്റന്‍ഡന്റുമാണ് ബോട്ടിലുണ്ടായിരുന്നത്. കടല്‍ പ്രക്ഷുബ്ധമായതും ശക്തമായ കാറ്റ് വീശിയതും അപകടത്തിനു കാരണമായെന്നാണ് പ്രാഥമിക നിഗമനം. ദുരിതബാധിതരെ സഹായിക്കാന്‍ ഹോചിമിന്‍ സിറ്റിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫിസിലും ഹാനോയിയിലെ എംബസിയിലുമായി ഇന്ത്യന്‍ മിഷന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
















