വടകര: ഡിജിറ്റല്‍ യുഗത്തില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കൗമാരക്കാര്‍ ജാഗ്രത
പുലര്‍ത്തണമെന്ന് ഫാത്തിമ തഹലിയ എംഎല്‍എ. മനാറുല്‍ ഇസ്‌ലാം സഭയ്ക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ഉന്നത വിജയം നേടിയവരെ അനുമോദിക്കാന്‍ സംഘടിപ്പിച്ച
പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മാറുന്ന ലോകത്തിന് മുമ്പേ നടക്കാന്‍ പ്രാപ്തമാകുന്നതോടൊപ്പം പുതിയ തലമുറക്ക് തിരിച്ചറിവുകളും ഉണ്ടാകണം. സോഷ്യല്‍ മീഡിയകള്‍ പടച്ചുവിടുന്നതെല്ലാം അനുകരിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്. കലാലയങ്ങളില്‍ നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കണം. ലഹരിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന തൂഫാന്‍ പദ്ധതിയില്‍ ഓരോ കുട്ടികളും വാരിയര്‍മാരാകണമെന്നും അവര്‍ പറഞ്ഞു. ചടങ്ങില്‍ എംഐ സഭ പ്രസിഡന്റ് പ്രൊഫ. കെ.കെ.മഹമൂദ് അധ്യക്ഷത വഹിച്ചു. എംഐ സഭ മാനേജര്‍
എന്‍.പി.അബ്ദുല്ല ഹാജി ഉപഹാര സമര്‍പ്പണം നടത്തി. പ്രശസ്ത മോട്ടിവേറ്റര്‍
ഷഫീഖ് കത്തറമ്മല്‍ ക്ലാസെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ നിസാബി, എംസി വടകര, ഡോ. സി.എം.കുഞ്ഞിമൂസ, പി.വി.അബ്ദുറഹിമാന്‍ (മക്ക), വി.ഷബീര്‍, അബ്ദുറബ്ബ് നിസ്താര്‍, പി.സി.നജീബ്, പി.കെ.സി.റഷീദ്, പി.കെ.ജലാല്‍, സിദ്ദീഖ് വലിയ കത്ത്, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ കെ.കെ.ഹാജറ, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ വഹാബ്, ഹെഡ്മാസ്റ്റര്‍ എന്‍.പി.അഷ്‌റഫ്, പിടിഎ പ്രസിഡണ്ട് റമീസ് തുടങ്ങിയവര്‍ സംസാരിച്ചു. എംഐ സഭ ജനറല്‍ സെക്രട്ടറി വി.ഫൈസല്‍ സ്വാഗതവും ട്രഷറര്‍ പി.മഹമൂദ് നന്ദിയും പറഞ്ഞു.














