
വടകര: എംഡിഎംഎ ഇടപാടുകളിലെ പ്രധാന കണ്ണിയായ യുവതിയെ വടകര പോലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. ആവശ്യക്കാരെ നേരിട്ട് കാണാതെ അക്കൗണ്ട് വഴി
ലക്ഷങ്ങളുടെ ഇടപാട് നടത്തിയിരുന്ന പേരാമ്പ്ര പൈതോത്ത് സ്വദേശിനി കെ.സി.കീര്‍ത്തനയാണ് (30) പിടിയിലായത്. കഴിഞ്ഞ ദിവസം രണ്ടു ഗ്രാം മയക്കുമരുന്നുമായി വടകരയില്‍ പിടിയിലായ സഫുവാന്‍ എന്നയാളുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കീര്‍ത്തനയിലേക്ക് എത്തിയത്. വടകര പോലീസും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് യുവതിയെ അറസ്റ്റ്
ചെയ്തത്. ആസൂത്രിതമായ രീതിയിലാണ് സംഘത്തിന്റെ ഇടപാടുകളെന്ന് പോലീസ് അറിയിച്ചു. ലഹരിമരുന്ന് ആവശ്യമുള്ളവര്‍ കീര്‍ത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയക്കേണ്ടത്. പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പുവരുത്തിയാല്‍ കീര്‍ത്തന ആവശ്യക്കാര്‍ക്ക് ലൊക്കേഷന്‍ അയച്ചുനല്‍കും. തുടര്‍ന്ന് ഈ ലൊക്കേഷനില്‍ മറ്റൊരു വ്യക്തി എത്തിയാണ് എംഡിഎംഎ കൈമാറുന്നത്. കസ്റ്റമറുമായി കീര്‍ത്തന നേരിട്ട്
സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. ലക്ഷക്കണക്കിന് രൂപയാണ് ഇവരുടെ അക്കൗണ്ടിലേക്ക് ഇത്തരത്തില്‍ വന്നുകൊണ്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വടകര ആവിക്കല്‍ സ്വദേശിയായ സഫുവാന്‍ എന്ന യുവാവിനെ രണ്ട് ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ ഫോണ്‍ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ
വിശദമായ അന്വേഷണമാണ് കീര്‍ത്തനയിലേക്ക് എത്തിയത്. പേരാമ്പ്രയില്‍ നിന്നു കസ്റ്റഡിയിലെടുത്ത കീര്‍ത്തനയെ നിലവില്‍ വടകര പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. ഇവരുമായി ബന്ധപ്പെട്ട ലഹരി ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. മനോജ് രാമത്ത്, ഷാജി, അനൂപ് സെന്‍, ചിത്രദാസ്, നിയേഷ്, ശോഭിത്ത് എന്നിവരടങ്ങിയ ഡാന്‍സാഫ് സംഘമാണ് കീര്‍ത്തനയെ പിടികൂടിയത്.















