
കണ്ണൂർ: കണ്ണൂർ-മട്ടന്നൂർ സംസ്ഥാന പാതയിൽചാലോട് കാർ മരത്തിൽ ഇടിച്ച് നാല് പേർ മരിച്ചു. യുപി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ
എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധ രാത്രിയാണ് അപകടമുണ്ടായത്. അഗ്നിരക്ഷാസേനയെത്തി കാർ വെട്ടിപൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ
കാർ പൂർണമായും തകർന്നു. ഷാന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച ബെംഗളൂരുവിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഏറെ പണിപ്പെട്ടാണ് അഗ്‌നിരക്ഷാസേനയും നാട്ടുകാരും പോലീസും ചേർന്ന് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ച് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡി അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.















