
ന്യൂഡല്‍ഹി: ഇനി ഇന്‍സുലിന്‍ കുത്തിവെപ്പ് ആഴ്ചയില്‍ ഒന്ന് മതി. വര്‍ഷം 365 ദിവസവും ഇന്‍സുലിന്‍ എടുക്കുന്നതിന് പകരം 52 തവണ കുത്തിവെപ്പ് നടത്തിയാല്‍ മതി എന്നതാണ്
ശ്രദ്ധേയം. ഡാനിഷ് മരുന്ന് നിര്‍മാതാക്കളായ നൊവൊ നോര്‍ഡിസ്‌കാണ് ‘അവിക്വലി’ എന്ന പേരില്‍ ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ രീതി സ്വീകരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുന്നു. ഡയബറ്റിസ് ചികിത്സയില്‍ ഇന്ത്യ വലിയ നാഴികക്കല്ല് കൈവരിച്ചിരിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ദിവസവും ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുന്നതിനു പകരം ആഴ്ചയില്‍ ഒന്ന് എടുത്താല്‍ മതി. ഇത് ചികിത്സയെ കൂടുതല്‍
എളുപ്പമാക്കുകയും ഇടക്കിടെയുള്ള കുത്തിവെപ്പുകളുടെ അസ്വസ്ഥത കുറക്കുകയും ചെയ്യും. 18നും മുകളിലും പ്രായമുള്ള ടൈപ്പ്-1, ടൈപ്പ്-2 ഡയബറ്റിസ് രോഗികള്‍ക്ക് ഈ മരുന്ന് ലഭ്യമാകും.
‘അവിക്വലി’ ഇന്‍സുലിന്‍ ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്നതിനാല്‍ ഇതിന്റെ ഗുണം ഏഴ് ദിവസം നീണ്ടുനില്‍ക്കും. ഇതിന്റെ സുരക്ഷിതത്വം, ഫലപ്രാപ്തി, പാര്‍ശ്വഫലങ്ങള്‍ എല്ലാം വര്‍ഷങ്ങളോളം വിശദമായി പഠിച്ചതാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ദിവസവും എടുക്കുന്ന ബേസല്‍ ഇന്‍സുലിനു സമാനമായ രീതിയില്‍ ‘അവിക്വലി’ രക്തത്തിലെ പഞ്ചസാര
നിയന്ത്രണം നല്‍കുന്നു എന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തെളിയിച്ചതായാണ് കമ്പനി വെളിപ്പെടുത്തുന്നത്. എന്നിരുന്നാലും ഈ മരുന്ന് ഡോക്ടറുടെ മാര്‍ഗനിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലും മാത്രമേ ഉപയോഗിക്കാവൂ.
ദിവസവും ഇന്‍സുലിന്‍ എടുക്കാന്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ഈ പുതിയ തെറാപ്പി പ്രത്യേകിച്ചും ഗുണകരമാകുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. അവിക്വലിയുടെ പുറത്തിറക്കല്‍ ഇന്ത്യയിലെ ഡയബറ്റിസ് മാനേജ്‌മെന്റില്‍ സുപ്രധാന മുന്നേറ്റമായി കണക്കാക്കപ്പെടുന്നു.
















