
ബോസ്റ്റണ്‍: ഫിഫ ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയെ 2-0 ന് പരാജയപ്പെടുത്തി ഫ്രാന്‍സ് സെമി ഫൈനലിലേക്ക് യോഗ്യത നേടി. അമേരിക്കയിലെ
ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ നേടിയ ഗോളുകളിലാണ് ഫ്രാന്‍സ് വിജയം ഉറപ്പിച്ചത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രാന്‍സ് ആക്രമിച്ചു കളിച്ചെങ്കിലും മൊറോക്കോയുടെ മികച്ച പ്രതിരോധവും ഗോള്‍കീപ്പര്‍ യാസിന്‍ ബൗണുവിന്റെ മിന്നും പ്രകടനവും ഫ്രാന്‍സിനെ ഗോള്‍ നേടുന്നതില്‍ നിന്നു തടഞ്ഞു നിര്‍ത്തി. ആദ്യ പകുതിയുടെ മധ്യത്തില്‍
ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും കിലിയന്‍ എംബാപ്പെയുടെ കിക്ക് തടുത്തിട്ട് ബൗണു മൊറോക്കോയുടെ രക്ഷകനായി.
രണ്ടാം പകുതിയില്‍ കളി മാറി മറിഞ്ഞു. 60-ാം മിനിറ്റില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് പ്രായശ്ചിത്തമെന്നോണം കിലിയന്‍ എംബാപ്പെ ഫ്രാന്‍സിനായി ആദ്യ ഗോള്‍ നേടി. ഫ്രഞ്ച് മുന്നേറ്റത്തിനൊടുവിൽ ബോക്‌സിന്റെ ഇടതുഭാഗത്ത് എംബാപ്പെയ്ക്ക് പന്ത് ലഭിക്കുമ്പോൾ ചുറ്റും മൊറോക്കൻ താരങ്ങളായിരുന്നു. എന്നാൽ താരത്തിന്റെ ഷോട്ട് ബൗണുവിന് യാതൊരു അവസരവും നൽകാതെ വലയിൽ. ഈ ഗോളോടെ ഈ ലോകകപ്പില്‍ 8 ഗോളുകള്‍ തികച്ച എംബാപ്പെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ മെസിക്കൊപ്പമെത്തി.
ആദ്യ ഗോളിന്റെ ആവേശം
അടങ്ങുന്നതിന് മുന്‍പ് തന്നെ 66-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബെലെ ഫ്രാന്‍സിന്റെ രണ്ടാം ഗോളും നേടി. മധ്യനിരയിൽ നിന്ന് ഒറ്റയ്ക്ക് പന്തുമായി മുന്നേറയ ഒസ്മാൻ ഡെംബെലെയുടെ ഷോട്ട് തടുക്കാൻ ബൗണുവിന് സാധിച്ചില്ല. ഈ ലോകകപ്പിൽ ഡെംബെലെയുടെ അഞ്ചാം ഗോളായിരുന്നു ഇത്.. ഈ വിജയത്തോടെ തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫ്രാന്‍സ് ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. സെമിയില്‍ സ്‌പെയിന്‍ അല്ലെങ്കില്‍ ബെല്‍ജിയം ആയിരിക്കും ഫ്രാന്‍സിന്റെ എതിരാളികള്‍.
















