
വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള റീച്ചില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാന്‍ ഷാഫി പറമ്പില്‍
എംപിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. പദ്ധതി പ്രദേശങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ കൃത്യമായ സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കാന്‍ യോഗം തീരുമാനിച്ചു.
കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് സര്‍വീസ് റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗതയോഗ്യമാക്കാന്‍ എംപി ആവശ്യപ്പെട്ടു. സര്‍വീസ് റോഡുകളിലെ ഡ്രെയിനേജ് സംവിധാനത്തിലെ പാളിച്ചകള്‍ മൂലമുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്കി
പരിഹാരം കാണും. വീതി കുറഞ്ഞ സര്‍വീസ് റോഡുകളില്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാനും മണ്ണിടിച്ചിലുണ്ടായ മുക്കാളിയില്‍ അപകടഭീഷണി നേരിടുന്ന കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കുന്ന കാര്യം പ്രത്യേകം പരിഗണിക്കാനും യോഗത്തില്‍ തീരുമാനമായി.
മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ അണ്ടര്‍പാസുകളും ഓവര്‍പാസുകളും വേണമെന്ന ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ ഷാഫി പറമ്പില്‍ എംപി യോഗത്തില്‍ ഉന്നയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചേമഞ്ചേരിയിലെ വെറ്റിലപ്പാറ, കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ അണേല, വടകരയിലെ പാലയാട്ടുനട, കെ.ടി ബസാര്‍, നാദാപുരം റോഡ്, മീത്തലെ മുക്കാളി എന്നിവിടങ്ങളിലെ അണ്ടര്പാസുകള്ക്കായുള്ള ആവശ്യങ്ങളും പഴങ്കാവിലെ ഓവര്‍പാസിന്റെ സാധ്യതകളും പരിശോധിക്കാന്‍ ദേശീയപാത അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു. അഴിയൂര്‍ – വെങ്ങളം ദേശീയപാതയില്‍ കൂടുതല്‍ ഫൂട്ട് ഓവര്‍ബ്രിഡ്ജുകള്‍ അനുവദിക്കുന്ന കാര്യവും അതോറിറ്റി പരിശോധിക്കും.
എംപിയുടെ നിര്‍ദ്ദേശപ്രകാരം പ്രശ്നങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി റവന്യൂ, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒന്‍പതാം തീയതി പ്രാഥമിക
പരിശോധന നടത്തും. ഇതിന് പിന്നാലെ ഷാഫി പറമ്പില്‍ എംപി, എംഎല്‍എമാര്‍, കളക്ടര്‍ എന്നിവരടങ്ങുന്ന സംയുക്ത സംഘം നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും.
ഷാഫി പറമ്പില്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ കെ. പ്രവീണ്‍ കുമാര്‍, കെ.കെ. രമ, കളക്ടര്‍, കൊയിലാണ്ടി, വടകര മുനിസിപ്പല്‍ ചെയര്മാന്മാരായ യു.കെ.ചന്ദ്രന്, പി.കെ.ശശി, ജില്ലാ പഞ്ചായത്ത് അംഗം ഷഹീന്, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, മൂടാടി, തിക്കോടി, ഒഞ്ചിയം, ചോറോട്, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ദേശീയപാത വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















