വടകര: ദേശീയ പാതയില്‍ ഹാര്‍ബര്‍ മുക്കാളിയില്‍ അടിപ്പാത സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നുറുകണക്കിന്
മല്‍സ്യ തൊഴിലാളികള്‍ ജോലി ചെയ്യുന്നതും നിരവധി വലിയവാഹനങ്ങള്‍ തുറമുഖത്തേക്ക് പോകുന്നതും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലങ്ങള്‍ സ്ഥിതി ചെയ്യുന്നതുമായ ഈ പ്രദേശത്ത് അടിപ്പാത അനിവാര്യമാണെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. വര്‍ഷങ്ങളായുള്ള ജനങ്ങളുടെ പ്രശ്നം സമിതി അംഗം പ്രദീപ് ചോമ്പാലയാണ് ഉന്നയിച്ചത്. ജല ജീവന് മിഷ്യന് പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താലൂക്കിലെ ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍
എന്നിവരുടെ യോഗം വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ജല ജീവന് മിഷന് പദ്ധതിക്കായി റോഡ് വെട്ടിപൊളിച്ചതു മൂലമുള്ള
ദുരിതങ്ങള്‍ ഉന്നയിച്ചിരുന്നു. സമിതി അംഗം കളത്തില്‍ ബാബുവാണ് യോഗം വിളിക്കേണ്ട കാര്യം ഉന്നയിച്ചത്. മണ്‍സൂണ്‍ കാലങ്ങളില്‍ മാനണ്ഡങ്ങള്‍ മറികടന്ന് റോഡുകള്‍ കുത്തി പൊളിക്കുന്നത് മൂലമുള്ള അപകടങ്ങളും കുടിവെള്ളം മുടങ്ങുന്ന പ്രശ്നവും നാദപുരം പഞ്ചായത്ത് പ്രസിഡണ്ട് എം.സഫീറ, സമിതി അംഗം പി.പി.രാജന് എന്നിവര്‍ ഉന്നയിച്ചു. വടകരയിലെ കാലപഴക്കം വന്ന കെട്ടിടങ്ങളുടെ അപകടാവസ്ഥ പരിഹരിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പി.എം.മുസ്തഫ ആവശ്യപ്പെട്ടു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള മത്സ്യ മാര്‍ക്കറ്റ് കെട്ടിടം, ദ്വാരക ബില്‍ഡിംഗ്, ബസ് സ്റ്റാണ്ടു
ബില്‍ഡിങ്ങുകള്‍, കോടതിക്ക് സമീപമുള്ള ലൈബ്രറി കെട്ടിടം ഉള്‍പ്പെടെയുള്ളവ നഗരത്തിലുണ്ട്. ഇത്തരം കെട്ടിടങ്ങള്‍ പലതും ജനങ്ങളുടെ ജീവന് വരെ ഭീഷണിയാണ്. കോഴിക്കോട് എന്‍ഐടിയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘവും നഗരസഭ എഞ്ചീനിയറിങ് വിഭാഗവും പരിശോധന നടത്തി പ്രശ്ന പരിഹരിക്കുമെന്ന് മുന്സിപ്പാല് അധികൃതര്‍ പറഞ്ഞു. കാവിലുംപാറ പഞ്ചായത്തില്‍ കനത്ത മഴയാലും ചുഴലിക്കാറ്റിലും ദുരിതം നേരിടുന്നവര്‍ക്കുള്ള നഷ്ട പരിഹാരം അനുവദിക്കണമെന്ന് കാവിലും പാറ പഞ്ചായത്ത് പ്രസിഡണ്ട് പൊയില്‍ പറമ്പത്ത് മേഘ ആവശ്യപ്പെട്ടു. വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.പ്രഭാകരന് അധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ പുറന്തോടത്ത് സുകുമാരന്‍, പി.കെ.ദാമു, പി.പി.രാജന്, തഹസില്‍ദാര്‍ കെ.ലതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.















