
ഹൂസ്റ്റണ്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ സമനിലയില്‍ കുരുക്കി കോംഗോ. ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് ടീമുകളും ഓരോ
ഗോള്‍ വീതം നേടി പിരിഞ്ഞു. മത്സരത്തിന്റെ ആറാം മിനിറ്റില്‍ യാവോ നെവെസിന്റെ ഹെഡറിലൂടെ പോര്‍ച്ചുഗലാണ് മുന്നിലെത്തിയത്. തുടര്‍ച്ചയായി കോംഗോയുട ഗോള്‍മുഖം പറങ്കിപ്പട ആക്രമിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ തിരിച്ചടിയായി. പോര്‍ച്ചുഗീസ് ആക്രമണത്തിനിടെ കോംഗോയുടെ പ്രത്യാക്രമണം ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫലം കാണുകയും ചെയ്തു. യോനോ വിസയുടെ മികച്ച ഹെഡറിലൂടെയാണ് കോംഗോ
ഒപ്പമെത്തിയത്. ലോകവേദിയില്‍ കോംഗോയുടെ ആദ്യ ഗോള്‍ കൂടിയാണ് ഹൂസ്റ്റണില്‍ പിറന്നത്. അനായാസ ജയം പ്രതീക്ഷിച്ചെത്തിയ മുന്‍ യൂറോ ചാമ്പ്യന്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിക്കുന്ന പ്രകടനമാണ് കോംഗോ പുറത്തെടുത്തത്. അതേസമയം മുന്നേറ്റനിരയിലെ ഏകോപനമില്ലായ്മയും പോര്‍ച്ചുഗലിന് വിനയായി. ഗോളെന്നുറച്ച അര ഡസനിലധികം അവസരങ്ങളാണ് പോര്‍ച്ചുഗല്‍ നഷ്ടപ്പെടുത്തിയത്.
















