ആയഞ്ചേരി: കലയുടെ മാരിവില്‍ ചന്തവുമായി എത്തുന്ന തോടന്നൂര്‍ ഉപജില്ലാ സ്കൂള്‍
കലോത്സവത്തിന് തകൃതിയായ ഒരുക്കം. ആയഞ്ചേരി റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കലോത്സവ പന്തലിന്റെ കാല്‍നാട്ട് കര്‍മം തോടന്നൂര്‍ ബ്ലോക്ക് ആരോഗ്യ –
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഹാരിസ് മുറിച്ചാണ്ടി നിര്‍വഹിച്ചു. നവംബര്‍ 11 മുതല്‍ നാല് ദിവസങ്ങളിലായി 12 വേദികളിലാണ് മേള അരങ്ങേറുന്നത്. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 296 ഇനങ്ങളില്‍ 4000-ത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും. ഇത്തവണത്തെ കലോത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, എല്‍പി വിഭാഗത്തില്‍ പഞ്ചായത്ത് തല മത്സരങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ഥികള്‍ നേരിട്ട് ഉപജില്ലാ മത്സരത്തിലേക്ക് എത്തുന്നുവെന്നതാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മത്സരാര്ഥികളുടെയും കാണികളുടെയും എണ്ണത്തിലെ വര്‍ധനവ് കണക്കിലെടുത്ത് കൂടുതല്‍ വിപുലമായ വേദികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.മുന്ന അധ്യക്ഷത വഹിച്ച കാല്‍നാട്ടു ചടങ്ങില്‍ തോടന്നൂര്‍ എഇഒ വി.എം.സുരേന്ദ്രന്, സ്കൂള്‍ മാനേജര്‍ തറമല്‍ മൊയ്തു, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, വാര്‍ഡ് മെമ്പര്‍ സന്തോഷ് കുമാര്‍ കുനീമ്മല്‍, പിടിഎ പ്രസിഡന്റ് രാമത്ത് മുനീര്‍, പ്രധാനാധ്യാപകന് അബ്ദുസമദ് തുടങ്ങിയവര്‍ സംസാരിച്ചു. ഫെസ്റ്റിവല്‍ കമ്മിറ്റി കണ്‍വീനര്‍ ഫഹദ് തോടന്നൂര്‍ സ്വാഗതവും വി.കെ.സുബൈര്‍ നന്ദിയും പറഞ്ഞു.















