വടകര: യുവാക്കളിലും വിദ്യാര്‍ഥികളിലും സംരംഭകത്വ സംസ്കാരം പ്രോത്സാഹിപ്പിക്കുക, പുതിയ സംരംഭങ്ങളുടെ രൂപീകരണത്തിന് അവസരമൊരുക്കുക, നിലവിലുള്ള
സംരംഭങ്ങളുടെ വികസനത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ബൃഹത് പദ്ധതിയായ ‘സ്റ്റാര്‍ട്ടപ്പ് ഇ പ്ലസ്’ (Startup E+) ന്റെ ഔദ്യോഗിക ലോഗോ മഹാനടന് മമ്മൂട്ടി പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും സംബന്ധിച്ച് ഷാഫി പറമ്പില്‍ എംപി മമ്മൂട്ടിയുമായി സംസാരിച്ചു. യുവജനങ്ങളുടെ നൂതന ആശയങ്ങള്‍ക്ക് സംരംഭകത്വത്തിലൂടെ പ്രായോഗിക രൂപം നല്‍കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത്തരം പദ്ധതികള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു.
സംരംഭകത്വ വികസനത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ പിന്തുണ സംവിധാനമായാണ് ‘സ്റ്റാര്‍ട്ടപ്പ് ഇ പ്ലസ്’ വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥികളിലും യുവാക്കളിലും സംരംഭകത്വ അവബോധം വളര്‍ത്തുക, നൂതനാശയങ്ങള്‍ കണ്ടെത്തി വികസിപ്പിക്കുക, സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ പരിശീലനവും വിദഗ്ധ മാര്‍ഗനിര്‍ദ്ദേശവും ലഭ്യമാക്കുക, സാമ്പത്തിക സ്രോതസ്സുകള്‍, സാങ്കേതികവിദ്യ, വിപണന സാധ്യതകള്‍ എന്നിവയുമായി സംരംഭകരെ ബന്ധിപ്പിക്കുക തുടങ്ങിയവ പദ്ധതിയുടെ പ്രധാന പ്രവര്‍ത്തന മേഖലകളാണ്. അക്കാദമിക, സാങ്കേതിക, വ്യവസായ മേഖലകളിലെ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിലൂടെ സംരംഭകത്വ വികസനത്തിന് ആവശ്യമായ പ്രായോഗിക പിന്തുണയും വിദഗ്ധ സേവനങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങളും വിവിധ ഘടകങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.















