
വടകര: തിരുവള്ളൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവള്ളൂര്‍, കോട്ടപ്പള്ളി മേഖലകളിലെ ഹോട്ടലുകള്‍, ചായക്കടകള്‍,
ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഷിഗെല്ല, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍, ഡെങ്കിപ്പനി എന്നിവ പടരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സ്ഥാപനങ്ങളിലെ ശുചിത്വത്തിന് പ്രാധാന്യം നല്‍കുകയും രോഗവ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ്
നല്‍കുകയും ചെയ്തു.
പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. കെ. ജി. ചെറിയാന്‍ അറിയിച്ചു. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. പി. മിനി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എന്‍. ടി. സതീശന്‍, കെ. സുരേഷ്, രാജേഷ് ഈനോത്ത് , അരുണ്‍ കെ. വിജയന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
















