
കണ്ണൂര്‍: സിപിഎം സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് പയ്യന്നൂര്‍, തളിപ്പറമ്പ് എംഎല്‍എമാരായ വി.കുഞ്ഞികൃഷ്ണനും ടി.കെ ഗോവിന്ദനും. തളിപ്പറമ്പ്, പയ്യന്നൂര്‍ തോല്‍വി
ജില്ലാ കമ്മിറ്റിയുടെ തലയില്‍ കെട്ടിവച്ച് സംസ്ഥാന നേതൃത്വം കയ്യൊഴിയുന്നുവെന്ന് എംഎല്‍എമാര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനോട് തെറ്റിപ്പിരിഞ്ഞ് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ചവരാണ് ഇരുവരും.
പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള ഘടകങ്ങളില്‍ നിന്നുള്ള ഒരു ചര്‍ച്ചയും സംസ്ഥാന കമ്മിറ്റി റിവ്യൂവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പില്‍ എം വി ഗോവിന്ദന്റെ നിലപാട്, സ്ഥാനാര്‍ഥികളെ നിശ്ചയിച്ച തെറ്റായ രീതികള്‍, മതേതര മനസുള്ളവരെ
പാര്‍ട്ടിയില്‍ നിന്ന് അകറ്റാനിടയായ സംഭവങ്ങള്‍ എന്നിവയെല്ലാം താഴേത്തട്ടില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളവയാണ്. റിവ്യൂ റിപ്പോര്‍ട്ടില്‍ ഇതൊന്നും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. 27 സ്ഥാനാര്‍ഥികളില്‍ 24പേരും തോറ്റു. അവരെല്ലാം പാര്‍ട്ടി മണ്ഡലം കമ്മിറ്റിയോ ജില്ലാ കമ്മിറ്റിയോ അംഗീകരിക്കാത്ത സ്ഥാനാര്‍ഥികളാണ്.
തളിപ്പറമ്പിലും പയ്യന്നൂരിലുമുണ്ടായ അനുഭവങ്ങള്‍ ഞങ്ങള്‍ രണ്ടുപേരും നേരത്തേ പറഞ്ഞിട്ടുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരിലും തോല്‍ക്കാന്‍ കാരണം ജില്ലാ കമ്മിറ്റിയെന്നാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം പറയുന്നത്. യഥാര്‍ഥത്തില്‍ ഇത് കബളിപ്പിക്കലാണ്. ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും എതിര്‍ത്തവര്‍ എങ്ങനെ സ്ഥാനാര്‍ഥികളായി. ഇനിയെങ്കിലും ആര്‍ജവത്തോടെ പാര്‍ട്ടിയോടും
ജനങ്ങളോടും പറഞ്ഞുകൂടേ ഞങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന്. പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണം നേതൃത്വമാണ്’ – ടി കെ ഗോവിന്ദന്‍ പറഞ്ഞു.’തെറ്റുപറ്റി എന്ന് പറയുമ്പോള്‍ എന്ത് തെറ്റാണ് പറ്റിയതെന്ന് പറയാനുള്ള ബാധ്യത സംസ്ഥാന നേതൃത്വത്തിനില്ലേ. സ്ഥാനാര്‍ഥിയെ മാറ്റാന്‍ എല്ലാവരും പറഞ്ഞിട്ടും അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണ്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത പാര്‍ട്ടിയായി സിപിഎം മാറിക്കൊണ്ടിരിക്കുകയാണ് പാര്‍ട്ടി ഏകാധിപത്യത്തിലേക്കാണ് പോകുന്നതെന്നും വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു
















