
വടകര: വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. തിങ്കളാഴ്ച രാവിലെ
ക്രൈംബ്രാഞ്ചിന്റെ വടകര ഓഫീസില്‍ വിളിച്ചുവരുത്തിയാണ് റിബേഷ് രാമകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയത്.
വിവാദ സ്‌ക്രീന്‍ഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണെന്ന് റിബേഷ് രാമകൃഷ്ണന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. കേസിലെ മറ്റ് സാക്ഷികളായ മനീഷും അമലും സമാനമായ മൊഴികളാണ് നല്‍കിയത്.
വടകര സ്‌ക്വാഡ് ഗ്രൂപ്പിന്റെ അഡ്മിനായ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം
ജിതിന്‍ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. റിബേഷ് രാമകൃഷ്ണലേക്ക് സ്‌ക്രീന്‍ഷോര്‍ട്ട് എത്തിയത് ജിതിന്‍ ഭാസ്‌കറിലൂടെ വടകര സ്‌ക്വാഡ് എന്ന ഗ്രൂപ്പ് വഴിയാണെന്നാണ് റിബേഷിന്റെ മൊഴിയിലൂടെ വ്യക്തമായിരിക്കുന്നത്. എന്നാല്‍ ഈ സ്‌ക്രീന്‍ഷോട്ടിന്റെ ഉത്ഭവം എവിടെയാണെന്ന് കണ്ടെത്താന്‍ എസ്‌ഐടിക്ക് സാധിച്ചിട്ടില്ല. നിലവില്‍ വാട്സ്ആപ്പ് ഗ്രൂപ്പിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം മുന്നോട്ടു പോവുകയാണ്. ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ ഉള്‍പ്പെടെ
പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സംഭവത്തില്‍ കൂടുതല്‍ പേരെ പോലീസ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. പോരാളി ഷാജി ഉള്‍പ്പെടെയുള്ള ഇടതു വാട്‌സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്മാരെയും ചോദ്യം ചെയ്‌തേക്കും. മെറ്റ നല്‍കുന്ന വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാകും. സ്‌ക്രീന്‍ഷോട്ട് എവിടെ നിര്‍മിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ വിവരം ആവശ്യപ്പെട്ട് അന്വേഷണ സംഘം മെറ്റയ്ക്ക് നോട്ടീസ് നല്‍കും. മെറ്റ നല്‍കുന്ന വിവരം ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ പൂര്‍ണമായൊരു നിഗമനത്തില്‍ എത്താന്‍ പോലീസിന് കഴിയുമെന്നാണ് മനസിലാക്കുന്നത്.
















