
വടകര: ചോറോട് പഞ്ചായത്തിലെ ചേന്ദമംഗലം വയലില്‍ രാജവെമ്പാല. ഇന്നു രാവിലെ തോട്ടില്‍ മീന്‍ പിടിക്കാനെത്തിയ സംഘത്തിനു മുന്നിലാണ് രാജവെമ്പാല പ്രത്യക്ഷപ്പെട്ടത്.
തോട്ടിലൂടെ ഇവര്‍ക്കരികിലെത്തിയ പാമ്പ് അല്‍പനേരം നിന്ന ശേഷം തിരികെ സമീപത്തെ പൊന്തക്കാട്ടിലേക്ക് മടങ്ങി.
ചേന്ദമംഗലം സ്വദേശി വിവേകും സുഹൃത്തുക്കളും ചേന്ദമംഗലത്ത് കുട്ടൂലിപാലത്തിനു സമീപത്തെ വയലില്‍ മീന്‍പിടിക്കാന്‍ ചൂണ്ടയിടുമ്പോഴാണ് രണ്ട് മീറ്ററോളം നീളമുള്ള പാമ്പിനെ കാണുന്നത്. ചേരയോ മൂര്‍ഖനോ ആവുമെന്നാണ് കരുതിയത്. വീഡിയോയില്‍
പകര്‍ത്തിയ ശേഷം നോക്കിയപ്പോഴാണ് രാജവെമ്പാലയാണെന്ന് മനസിലാവുന്നത്. പിന്നീട് ഇവര്‍ ദൃശ്യം കണ്ണവം ഫോറസ്റ്റിലെ സുഹൃത്തിന് അയച്ചുകൊടുത്ത ശേഷമാണ് രാജവെമ്പാലയാണെന്ന് ഉറപ്പുവരുത്തിയത്.
നീളമേറിയ വിഷപ്പാമ്പായ രാജവെമ്പാലയെ ഈ മേഖലയിലൊന്നും അത്ര സാധാരണയായി കാണാറില്ല. പാമ്പുകളും മറ്റ് ഉരഗങ്ങളുമാണ് ഇവയുടെ ഭക്ഷണം. മനുഷ്യരെ കണ്ടാല്‍ ഉടന്‍ സ്ഥലം വിടുന്ന സ്വഭാവക്കാരാണത്രെ.















