
ടെല്‍അവീവ്: ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് കടുത്ത പ്രതികരണവുമായി ഇറാന്‍. വടക്കന്‍ ഇസ്രയേലില്‍ 10 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍
തൊടുത്തത്. ഞായറാഴ്ച ലെബനനിലെ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ ആക്രമണത്തിന് ഇസ്രയേല്‍ കനത്ത തിരിച്ചടി നല്‍കി. മധ്യ, പടിഞ്ഞാറന്‍ ഇറാനില്‍ ശക്തമായ ആക്രമണം നടത്തിയെന്ന് ഇസ്രയേലി പ്രതിരോധ സേന അറിയിച്ചു. ഇറാന്‍ ദേശീയ മാധ്യമമായ മെഹ്ര്‍ ന്യൂസ് നല്‍കുന്ന വിവരമനുസരിച്ച് രാജ്യതലസ്ഥാനമായ ടെഹ്റാനിലും മറ്റ് നഗരങ്ങളായ തബ്രിസിലും ഇസ്ഫഹാനിലും വന്‍ സ്ഫോടനശബ്ദങ്ങള്‍ കേട്ടു. എത്രത്തോളം നാശനഷ്ടമുണ്ടായി എന്നതില്‍
വ്യക്തതയില്ല.
ഏപ്രിലില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തിയശേഷം ഇതാദ്യമായാണ് ഇറാന്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുന്നത്. ഇറാഖിന് നേരെയും ഇറാന്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം തങ്ങള്‍ ഭീകരതാവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ വാദം. വടക്കന്‍ ഇറാഖിലാണ് മിസൈല്‍ ആക്രമണം നടന്നത്. ഇറാഖിലെ കുര്‍ദ്ദിഷ് മേഖലയായ സുലൈമാനിയയില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ആക്രമണം നടത്തിയെന്നാണ് ഇറാന്‍ അറിയിക്കുന്നത്. ഇറാന്‍ ചെയ്തത് വലിയ തെറ്റാണെന്ന് ഇസ്രയേല്‍ പ്രതികരിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് നേരെ തിരിച്ചടിക്കരുതെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ശക്തമായ ആക്രമണം ഉണ്ടായത്.
















