വടകര: ഹൈവെ നിര്‍മാണം മന്ദഗതിയിലായ വടകര മേഖലയില്‍ സര്‍വീസ് റോഡുകളുടെ ശോച്യാവസ്ഥ കാരണം വാഹന ഗതാഗതം പറ്റാതാവുകയാണെന്നും റോഡിന്റെ
ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും ആര്‍ജെഡി രാഷ്ട്രീയ ജനതാദള്‍ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഗതാഗതയോഗ്യമല്ലാത്ത രീതിയിലും ഇടുങ്ങിയതും കാരണം സര്‍വീസ് റോഡില്‍ ഗതാഗതക്കുരുക്ക് പതിവായിരിക്കുകയാണ്. മഴക്കാലമായതോടെ സര്‍വീസ് റോഡുകള്‍ കുളമായി മാറി. മെച്ചപ്പെട്ട രീതിയിലുള്ള ടാറിങോ കോണ്‍ക്രീറ്റോ ചെയ്യാത്തതു കാരണം പാടെ തകര്‍ന്നു പോയിരിക്കുകയാണ്. മഴവെള്ളം ഒഴുകി പോകാന്‍ ഓവുചാലുകള്‍ ഇല്ലാതെ റോഡ് ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്. സ്‌കൂളുകള്‍ തുറന്നതോടെ വിദ്യാര്‍ഥികളടക്കം ഏറെ ബുദ്ധിമുട്ടുകയാണ്. ശാശ്വതപരിഹാരം ഉടനുണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ദേശിയ സമിതി അംഗം മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ബൈജു രാഘവന്‍, വി.പി.ജയന്‍, വി.പി.നാണു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരായ പി.കെ.കുഞ്ഞിക്കണ്ണന്‍ (ഏറാമല), എന്‍.കെ.അജിത് കുമാര്‍ (ചോറോട്), രാജന്‍ പറമ്പത്ത് (മുനിസിപ്പല്‍ കമ്മിറ്റി) അംഗങ്ങളായ സി.കുമാരന്‍, പി.പി.പ്രസീത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങില്‍ സ്വാഗതവും രഞ്ജിത് കാരാട്ട് നന്ദിയും പറഞ്ഞു.















