വടകര: കുട്ടോത്ത് കാവില്‍റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററില്‍ പുതിയ യോഗ ഹാള്‍
പ്രവര്‍ത്തനമാരംഭിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ.പി.രാജന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രഭാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വേനലവധി കാലത്ത് കുട്ടികള്‍ക്കായി സംഘടിപ്പിച്ച കളി ചിരി എന്ന ആയുര്‍വേദ യോഗ പരിശീലന ക്ലാസിന്റെ സമാപനവും ഇതോടൊപ്പം നടന്നു. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഭിന്നശേഷി സൗഹൃദ എന്‍ട്രന്‍സ്, പുതിയ രെജിസ്‌ട്രേഷന്‍ ഏരിയ, ഫീഡിങ് റൂം എന്നിവയും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 1998ല്‍ വാടക വീട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് 2008ല്‍ ആയിരുന്നു ജനകീയ കമ്മിറ്റിയുടെ ഇടപെടലില്‍ സ്വന്തമായി കെട്ടിടം ലഭിച്ചത്. 2024ല്‍ ഡിസ്‌പെന്‍സറി, ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ആയി അപ്‌ഗ്രേഡ് ചെയ്ത ശേഷം എന്‍എബിഎച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാകാനുള്ള സൗകര്യങ്ങള്‍ എല്ലാം ഒരുക്കി ദേശീയ ടീമിന്റെ പരിശോധനക്കായി കാത്തിരിക്കുകയാണ് പഞ്ചായത്തും ജീവനക്കാരും നാട്ടുകാരും. വിദഗ്ധ
ചികിത്സക്ക് പുറമേ രക്ത പരിശോധന, വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു യോഗ പരിശീലനം, ഔഷധ സസ്യ തോട്ടം എന്നീ സൗകര്യങ്ങളും ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നിലവില്‍ ലഭ്യമാണ്. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധി കൊടക്കാട് ബാബു സ്വാഗതം പറഞ്ഞു. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനീന.പി ത്യാഗരാജ് മുഖ്യാതിഥി ആയിരുന്നു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികള്‍, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, ജീവനക്കാര്‍, കുട്ടികള്‍, നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഉദ്ഘാടന ശേഷം യോഗ ഡാന്‍സ്, കുട്ടികളുടെ യോഗ പ്രദര്‍ശനം എന്നിവ നടന്നു. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ജീവനക്കാരി എം.പി.പുഷ്പയും ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളും ഡിസ്‌പെന്‍സറിയിലേക്ക് സ്‌നേഹോപഹാരമായി ഫാനുകള്‍ നല്‍കി.















