
കൊയിലാണ്ടി: അര്‍ധരാത്രി റെയില്‍വേ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ജീവനക്കാരന്റെ സ്‌കൂട്ടറിനുള്ളില്‍ പെരുമ്പാമ്പ്. കൊയിലാണ്ടി ഉള്ളൂര്‍ ചെറിയ പുരയില്‍
സ്മിത്തിന്റെ സ്‌കൂട്ടറിന്റെ വൈസറിനുള്ളിലാണ് പെരുമ്പാമ്പ് കയറിക്കൂടിയത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ സെക്ഷന്‍ എന്‍ജിനീയറായ സ്മിത്ത് വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് സുഹൃത്തിനോടൊപ്പം മടങ്ങുകയായിരുന്നു. സുഹൃത്ത് ശ്രീഹരിയെ കൊയിലാണ്ടിയില്‍ ഇറക്കിയ ശേഷം ഉള്ളൂരിലെ വീട്ടിലേക്ക് പോകുന്ന വഴി കുറുവങ്ങാട് വെച്ച് തിങ്കളാഴ്ച പുലര്‍ച്ചയാണ് സ്‌കൂട്ടറിനുള്ളില്‍ പാമ്പിനെ കണ്ടത്. മുന്നിലെ ഹാന്‍ഡിലിനുളളില്‍ നിന്ന് പുറത്തേക്ക്
തലയിട്ട് പാമ്പ് സ്മിത്തിന്റെ കൈക്ക് തട്ടുകയായിരുന്നു.
ആദ്യം ഭയന്നെങ്കിലും മെല്ലെ റോഡരികില്‍ നിര്‍ത്തി സ്‌കൂട്ടര്‍ പരിശോധിച്ചപ്പോഴാണ് ഏകദേശം ഒന്നര മീറ്ററോളം വരുന്ന ഇടത്തരം പെരുമ്പാമ്പിനെ കണ്ടത്. അതുവഴി ഇരുചക്ര വാഹനത്തില്‍ വന്ന രണ്ടുപേര്‍ ഇതുകണ്ട് വാഹനം നിര്‍ത്തിയതോടെ സ്മിത്തിനു ധൈര്യം വന്നു. തുടര്‍ന്നു മറ്റു രണ്ടു യാത്രക്കാരുടെ കൂടെ സഹായത്തോടെ വടികൊണ്ട് തട്ടി പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.
വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള എഫ്‌സിഐ ഗോഡൗണിനോട് ചേര്‍ന്ന ഷെഡ്ഡിലാണ് സ്‌കൂട്ടര്‍ നിര്‍ത്തിയിരുന്നത്. അവിടെ മുമ്പും പാമ്പിനെ കണ്ടിട്ടുണ്ടെന്ന് സ്മിത്ത് പറഞ്ഞു.
















