
റിയാദ്: 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന് മോചനമായി. ജയിലില്‍ നിന്ന് ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് അദ്ദേഹത്തെ മാറ്റി.
ഇനി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ അബ്ദുള്‍ റഹീമിന് നാട്ടിലേക്ക് മടങ്ങാനാകും.
ഇക്കഴിഞ്ഞ 19നാണ് 20 വര്‍ഷത്തെ ശിക്ഷാ കാലയളവ് പൂര്‍ത്തിയായത്. സൗദിയില്‍ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായ അവധിയിലായതിനാല്‍ ജയില്‍മോചന ഉത്തരവിന് നേരിയ താമസമുണ്ടായി. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ തീരുമാനം എടുത്തുള്ള ഉത്തരവുകള്‍ വന്നതോടെ അബ്ദുള്‍ റഹീം ജയില്‍മോചിതനാകുകയുമായിരുന്നു. അദ്ദേഹത്തിന്റെ എക്സിറ്റ് വിസ തയ്യാറായിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ കൂടി
പൂര്‍ത്തിയാകുന്നതോടെ ഏതു സമയത്തും അദ്ദേഹത്തിന് നാട്ടിലേക്ക് തിരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹായ സമിതി അറിയിച്ചു.
2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസില്‍ അബ്ദുള്‍ റഹീം അറസ്റ്റിലാകുന്നത്. സ്പോണ്‍സറുടെ ഭിന്നശേഷിക്കാരനായ മകന്‍ മരിക്കാനിടയായ സംഭവത്തിലാണ് അബ്ദുള്‍ റഹീം ജയിലിലായത്. മനഃപൂര്‍വമല്ലാത്ത പിഴയാലാണ് മരണമെന്ന് വ്യക്തമായെങ്കിലും 2012ല്‍ അബ്ദുല്‍ റഹീമിനെ സൗദി കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് ഒന്നരക്കോടി സൗദി റിയാല്‍ (34 കോടിയിലേറെ രൂപ) ദയാധനം നല്‍കിയതിനെ തുടര്‍ന്ന് കോടതി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ ഒഴിവാക്കുകയായിരുന്നു.
















