
വടകര: മേമുണ്ട സ്വദേശിയും അധ്യാപികയുമായ ഡോ.പി.ആശയുടെ പ്രഥമ കവിതാ സമാഹാരം ‘അറ്റക്കാമ’ പ്രകാശനം 25 ന് വൈകീട്ട് മൂന്നു മണിക്ക് മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത
നിരൂപകന്‍ സജയ് കെ.വി പരിപാടി ഉദ്ഘാടനം ചെയ്യും. കവി വീരാന്‍കുട്ടി പുസ്തക പ്രകാശനം നിര്‍വഹിക്കും. പി.ജാനകി പുസ്തകം ഏറ്റുവാങ്ങും. ഡോ.സോമന്‍ കടലൂര്‍ മുഖ്യ പ്രഭാഷണം നടത്തും.
18 വയസ് മുതല്‍ എഴുതിയതില്‍ 42 കവിതകളാണ് സമാഹാരത്തില്‍. ചിലിയിലെ മരുഭൂമിയാണ് അറ്റക്കാമ. മഴ പെയ്യുമ്പോള്‍ പൂപ്പാടമായി മാറുന്ന സുന്ദര കാഴ്ചയാണ് ഈ മരുഭൂമി നല്‍കുന്നത്. ശുഭാപ്തിവിശ്വാസവും പ്രതീക്ഷയും പകരുന്ന മരുഭൂമി.
തികച്ചും യാഥാര്‍ഥ്യബോധത്തോടെയും കാല്‍പനികമായും രചിച്ച കവിതകളാണ് ഇവയെന്ന് പി.ആശ പറഞ്ഞു. സ്ത്രീ പക്ഷ
രചനയല്ലെങ്കിലും സാധാരണ സ്ത്രീകളുടെ ജീവിതത്തിലുണ്ടാകുന്ന കാര്യങ്ങള്‍ കവിതകളായിട്ടുണ്ട്. വിദ്യാര്‍ഥിയായിരിക്കെ കാവ്യകേളിയില്‍ തിളങ്ങിയിരുന്നു. 1997 ല്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കാവ്യകേളിയില്‍ ബി ഗ്രേഡ് നേടി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം കാവ്യകേളിയില്‍ ഒന്നാം സ്ഥാനം നേടി. ഇത്തരം കലാപ്രവവത്തനങ്ങള്‍ മലയാളത്തോടും കവിതകളോടും താത്പര്യം വര്‍ധിപ്പിച്ചു. മേമുണ്ട സ്‌കൂളില്‍ പഠിക്കുമ്പോള്‍ തോടന്നൂര്‍ ഉപജില്ലാ കലോത്സവത്തില്‍ തുടര്‍ച്ചയായി നാലു വര്‍ഷം കലാതിലകമായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചര്‍
എഡ്യൂക്കേഷന്‍ സെന്റര്‍ വടകരയിലും എറണാകുളം ഹില്‍വാലി, ജയഭാരത് എന്നീ ബിഎഡ് കോളജുകളിലും അധ്യാപികയായിരുന്ന പി.ആശ ഇപ്പോള്‍ വരാപ്പുഴ പുത്തന്‍പള്ളി സെന്റ് ജോര്‍ജസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫിസിക്‌സ് അധ്യാപികയാണ്.
വാര്‍ത്താ സമ്മേളനത്തില്‍ ഒ.പി. രാജന്‍, എന്‍.സുരേഷ് ബാബു, വി.ബാലകൃഷ്ണന്‍, ഡോ.പി ആശ, എന്നിവര്‍ പങ്കെടുത്തു.
















