
കണ്ണൂര്‍: കൂടുതല്‍ ജനപിന്തുണയോടെ എല്‍ഡിഎഫ് കേരളത്തില്‍ തിരിച്ചുവരുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍. പരാജയം
സിപിഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ല. ഇത്തരം ഒരുപാട് ഘട്ടങ്ങള്‍ തരണം ചെയ്തതാണ്. എല്‍ഡിഎഫ് കരുത്തോടെ തിരിച്ചുവരും. അതിനായി ചിട്ടയോടെ പ്രവര്‍ത്തനം നടത്തുമെന്നും കണ്ണൂരില്‍ പൊതുപരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
നാടിനെ പുരോഗതിയിലേക്ക് നയിക്കുക എന്നതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. വിദ്യാഭ്യാസരംഗവും ആരോഗ്യ രംഗവും തകര്‍ന്നടിഞ്ഞ സ്ഥിതിയില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് അഭൂതപൂര്‍വ വളര്‍ച്ചയിലേക്ക്
എത്തിക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ ഞങ്ങളോടൊപ്പം ഉണ്ട് എന്ന പ്രതീതി ഉണ്ടാക്കാന്‍ കഴിഞ്ഞു. ദേശീയ തലത്തില്‍ ശ്രദ്ധിക്കുന്ന നിരവധി പ്രവൃത്തികള്‍ എല്‍ഡിഎഫ് ചെയ്തു. ഇതെല്ലാം ഉണ്ടെങ്കിലും ഭരണമാറ്റം വേണമെന്നാണ് ജനങ്ങള്‍ വിധി എഴുതിയതെന്നും ജനവിധി പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
വികസന പദ്ധതികള്‍ക്ക് തുടര്‍ച്ച വേണം. തുടര്‍ പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കണം. എല്‍ഡിഎഫ് ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും. നാടിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ അതിനെയെല്ലാം അതിശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
















