
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിച്ചാല്‍ പാര്‍ട്ടിയിലെ എല്ലാ എംഎല്‍എമാരും രാജിവയ്ക്കുമെന്ന് നടന്‍ വിജയിയുടെ
തമിഴക വെട്രി കഴകം മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ദ്രാവിഡ പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണിത്. ജനങ്ങളുടെ വോട്ട് നേടിയ പാര്‍ട്ടിയെ ഒഴിവാക്കി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇരുപാര്‍ട്ടികളും ഒത്തുകളിക്കുന്നതായി ടിവികെ സംശയിക്കുന്നുണ്ട്. 108 സീറ്റുകള്‍ നേടിയ ടിവികെ, ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കണമെന്നും ടിവികെ വാദിച്ചു.
എന്നാല്‍, ഗവര്‍ണര്‍ ആര്‍ വി ആര്‍ലേക്കര്‍ വിജയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുമതി നിഷേധിച്ചു. ഭൂരിപക്ഷം തികയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. ഭൂരിപക്ഷം
കൈവരിക്കുന്നതിനായി വിജയ് അവതരിപ്പിച്ച പദ്ധതിയും അദ്ദേഹം അംഗീകരിച്ചില്ല. 118 നിയമസഭാംഗങ്ങളുടെ പിന്തുണാ കത്തുകള്‍ നല്‍കണമെന്ന് ഗവര്‍ണര്‍ നിര്‍ബന്ധിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായത്. തമിഴ്നാട് നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷ പിന്തുണ സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നാണ് ഗവര്‍ണറുടെ വിശദീകരണം. ഭൂരിപക്ഷം നേടാന്‍ ടിവികെയ്ക്ക് ഇനി പത്ത് സീറ്റുകള്‍ കൂടി ആവശ്യമുണ്ട്. ഇടതുപക്ഷവുമായും ചില ചെറിയ പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതോടൊപ്പം പാര്‍ട്ടി കോടതിയെ സമീപിക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.
















