തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ ഏവരെയും ഞെട്ടിച്ചുകൊണ്ട് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍
പ്രവചനം പുറത്തുവന്നു. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് ടുഡെയ്‌സ് ചാണക്യ പറയുന്നത്. കേരളത്തില്‍ തൂക്കുസഭയ്ക്ക് പോലും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പ്രവചനം. പുറത്തുവന്ന കണക്കുകള്‍ പ്രകാരം യുഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും എല്‍ഡിഎഫും ഭരണത്തിലേറാം. യുഡിഎഫ് 60 മുതല്‍ 78 സീറ്റുകള്‍ വരെ നേടിയേക്കാമെന്ന് പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫ് 55 മുതല്‍ 73 സീറ്റുകള്‍ വരെ നേടാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍. ഇതിനൊപ്പം തന്നെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്കും വലിയ നേട്ടമുണ്ടാകുമെന്നും പ്രവചനം ചൂണ്ടികാട്ടുന്നു. എന്‍ഡിഎ 3 മുതല്‍ 11 സീറ്റുകള്‍ വരെ നേടി നിര്‍ണായക ശക്തിയാകുമെന്നാണ് ചാണക്യയുടെ പ്രവചനം. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ ഇക്കുറി തൂക്കുസഭയാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് പറയുന്ന ഏക എകസ്റ്റിറ്റ് പോള്‍ സര്‍വേ ഫലമാണിത്. ന്യൂനപക്ഷത്തിന്റെ പിന്തുണ യുഡിഎഫിനാണെന്നാണ് പ്രവചനം. മുസ്ലിം വിഭാഗത്തില്‍ 62 ശതമാനവും
ക്രിസ്ത്യന്‍ വിഭാഗത്തില്‍ 53 ശതമാനവും യുഡിഎഫിനൊപ്പമാണ്. എന്നാല്‍ ഈഴവ, പട്ടിക ജാതി, വിഭാഗങ്ങളുടെ പിന്തുണ എല്‍ഡിഎഫിനാണ്. നായര്‍ സമുദായം ബിജെപിക്ക് ഒപ്പം നില്‍ക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. ക്രിസ്ത്യാനികളുടെ വലിയ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് പതിനൊന്ന് ശതമാനത്തിന്റെ പിന്തുണമാത്രമാണ് സര്‍വേ പ്രവചിക്കുന്നത്. നായര്‍ വിഭാഗം പതിനെട്ട് ശതമാനവും മുസ്ലീം 33 ശതമാനവും ഈഴവ 47 ശതമാനവും ക്രിസ്ത്യന്‍ 34 ശതമാനും പട്ടികജാതി വിഭാഗം 49 ശതമാനവും എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നു. ബിജെപിക്ക് നായര്‍വിഭാഗത്തില്‍ 39 ശതമാനം വോട്ട് കിട്ടുമെന്നാണ് പ്രതീക്ഷ. മുസ്ലിം വിഭാഗത്തില്‍ നിന്ന് നാല് ശതമാനം പിന്തുണ ലഭിക്കുമ്പോള്‍ ഈഴവയില്‍ 32 ശതമാനവും പട്ടികജാതിയില്‍ നിന്ന് പതിനെട്ട് ശതമാനവും വോട്ട് ലഭിക്കുമെന്നാണ് പ്രവചനം.















