തിരുവനന്തപുരം: കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ
തെരഞ്ഞെടുപ്പിലെ ജനഹിതം അറിയാന്‍ ഇനി നാലു ദിവസം കൂടി. നാലാം തിയ്യതി തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍. പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയാകുന്നതോടെ കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോളുകള്‍ ഇന്ന് പുറത്തുവരും. കേരളത്തെ കൂടാതെ മറ്റു നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും എക്‌സിറ്റ് പോള്‍ ഫലങ്ങളും ഇന്നറിയാം.
അഞ്ചിലധികം ഏജന്‍സികളുടെ ഏക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ബംഗാളിലെ എക്‌സിറ്റ് പോള്‍ സര്‍വെകള്‍ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജന്‍സികളുടെ തീരുമാനം. എന്‍ഡിടിവി, ഇന്ത്യ ടുഡെ, ടൈംസ് നൗ, ന്യൂസ് എക്‌സ്, റിപ്പബ്‌ളിക് ടിവി, ന്യൂസ് 18 തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്. മാട്രിസ്, വിഎംആര്‍, സി വോട്ടര്‍, ജെവിസി, പോള്‍സ്‌ട്രോറ്റ്, ജന്‍കി ബാത്ത്, വോട്ട് വൈബ് തുടങ്ങിയ ഏജന്‍സികളുടെ എക്‌സിറ്റ്
പോളുകള്‍ ഇന്നു പ്രസിദ്ധീകരിക്കും.
ആക്‌സിസ് മൈ ഇന്ത്യ കേരളം, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഇന്ന് നല്‍കിയേക്കും. ടുഡെയ്‌സ് ചാണക്യ കേരളം അടക്കം എല്ലാം സംസ്ഥാനങ്ങളുടെയും എക്‌സിറ്റ് പോള്‍ നാളയെ പ്രസിദ്ധീകരിക്കുവെന്ന് അറിയിച്ചിട്ടുണ്ട്. മനോരമ ന്യൂസ് സി വോട്ടര്‍ എക്‌സിറ്റ് പോളും ഇന്ന് സംപ്രേഷണം ചെയ്യും. വോട്ടെടുപ്പിന് ശേഷം വോട്ടര്‍മാരുടെ അഭിപ്രായം ശേഖരിച്ചു തയാറാക്കിയ ‘ മെഗാ എക്‌സിറ്റ് പോള്‍ ‘ ഇന്ന് രാത്രി 7 മണിക്കാണ് സംപ്രേഷണം ചെയ്യുന്നത്. ആരു ജയിക്കും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളവും സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും.
















